ഒമര്‍ ലുലു ചിത്രം ധമാക്കയില്‍ നടന് മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതില്‍ പരാതിയുമായി ബോളിവുഡ് നടന് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് സംവിധായകന് ഈ നീക്കം നടത്തിയതെന്നും സിനിമയിലെ ശക്തിമാന്റെ രംഗങ്ങള്‍ പിന്‍വലിക്കണമെന്നും ഫെഫ്ക് പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്ക് നല്കിയ പരാതിയില്‍ അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴിത സംവിധായകന് ഒമര്‍ ലുലു മുകേഷ് ഖന്നയോട് ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജില്‍ കൂടിയാണ് ഒമര്‍ ലുലു ഖേദപ്രകടനം നടത്തിയത്.
പോസ്റ്റ് ഇങ്ങനെ
‘സാര്‍, എന്റെ പുതിയ ചിത്രം ധമാക്കയില്‍ ശക്തിമാനെ ചിത്രീകരിച്ചതില്‍ താങ്കള്‍ക്കുള്ള പരാതിയെക്കുറിച്ച് ഫെഫ്കയില്‍ നിന്നും എനിക്ക് അറിവ് ലഭിച്ചു. ശക്തിമാന്റെ വേഷത്തിന്റെയും തീം മ്യൂസിക്കിന്റെയും പകര്‍പ്പവകാശം താങ്കള്‍ക്ക് മാത്രമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇതെല്ലാം താങ്കളുടെ അനുവാദമില്ലാതെ ഞാന്‍ എന്റെ സിനിമയില്‍ ഉപയോഗിക്കരുതായിരുന്നു. ഇതില്‍ താങ്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ഞാന്‍ ആത്മാര്‍ഥമായി മാപ്പ് പറയുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍ഹീറോകളെ ചിത്രീകരിക്കുന്നത് സാധാരണമാണ്. അത്കൊണ്ട് പകര്‍പ്പവകാശത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല’.
‘സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രെഡിറ്റ് നല്കുവാന് തീരുമാനിച്ചതാണ്. ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കന്‍ഡ് തനിക്ക് അതിമാനുഷിക ശക്തി ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ഈ രംഗം’.
‘ആദ്യം സൂപ്പര്‍മാനെ ചിത്രീകരിക്കുവാനാണ് തീരുമാനിച്ചത്. എന്നാല്‍ ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്തെ ഏറെ പ്രചോദിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്തുവാന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. എന്റെ ക്ഷമാപണം താങ്കള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു. സോറി ശക്തിമാന്’. ഒമര്‍ലുലു കുറിച്ചു.