ക്വാറന്റീന്‍ ലംഘിച്ച്‌ ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്രയോട് സര്‍ക്കാര്‍ ‘ക്ഷമിച്ചു

തിരുവനന്തപുരം : കൊല്ലം സബ് കലക്ടറായിരിക്കെ ക്വാറന്റീന്‍ ലംഘിച്ച്‌ ഉത്തര്‍പ്രദേശിലേക്കു മുങ്ങിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനുപം മിശ്രയെ ആലപ്പുഴ സബ് കലക്ടറായി നിയമിച്ചു. ക്വാറന്റീന്‍ ലംഘിച്ച്‌ കേരളത്തില്‍നിന്ന് പോയതിന് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കിലും ചെറുപ്പക്കാരനാണെന്നത് പരിഗണിച്ച്‌, ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന വാക്കാലുള്ള താക്കീതില്‍ സസ്പെന്‍ഷന്‍ നടപടികള്‍ അവസാനിപ്പിച്ചു.

അനുപം മിശ്രയുടെ ഭാഗത്തുനിന്നുണ്ടായ നടപടി ഗുരുതര പിഴവാണെന്നും നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. 2016 ബാച്ച്‌ ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ സ്വദേശിയാണ്. മധുവിധുവിനായി സിംഗപ്പൂരും, ഇന്തൊനീഷ്യയും സന്ദര്‍ശിച്ച ശേഷം മാര്‍ച്ച്‌18നാണ് കൊല്ലത്ത് മടങ്ങിയെത്തിയത്.

ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസറുടെ നിര്‍ദേശപ്രകാരം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനിലായിരുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സബ് കലക്ടര്‍ വസതിയില്‍ ഉണ്ടായിരുന്നില്ല. എവിടെ പോയെന്നു സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥനും അറിയില്ലായിരുന്നു. തുടര്‍ന്ന് കലക്ടര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.

വിളിച്ചപ്പോള്‍ ബെംഗളൂരുവില്‍ എന്നാണ് പറഞ്ഞതെങ്കിലും ടവര്‍ ലൊക്കേഷന്‍ കാന്‍പുരായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. അനുപം മിശ്രയ്ക്കെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Related posts

Leave a Comment