കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്നരവയസുകാരിയെ പാമ്ബ് കടിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതാണ് രക്ഷയായത്. കാസര്‍കോട് രാജപുരത്താണ് സംഭവം. വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും ഈ കുടുംബം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനില്‍ മാത്യു നിരീക്ഷണത്തില്‍ പ്രവേശിച്ചു. പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിയുന്ന ദമ്ബതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. ബിഹാറില്‍ അദ്ധ്യാപകരായ ദമ്ബതികള്‍ ഈ മാസം 16ന് ആണ് വട്ടക്കയത്തെ വീട്ടില്‍ എത്തുന്നത്. അന്നു മുതല്‍ ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.