ക്ലിഫ് ഹൗസിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് അയല്‍വാസിയായ സ്ത്രീയുടെ മാനസിക പീഡനം താങ്ങാനാകാതെ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാവിഭാഗത്തിലെ പോലീസുകാരന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് അയല്‍വാസിയായ സ്ത്രീയുടെ മാനസിക പീഡനം താങ്ങാനാകാതെ.

ഇടിച്ചക്കപ്ലാമൂട്, അഞ്ചാലിക്കോണം, കല്ലൂര്‍ക്കോണം, മണലിവിളവീട്ടില്‍ പരേതനായ വര്‍ഗീസിന്റെയും ലീലയുടെയും മകന്‍ അനീഷ് സേവ്യര്‍(32)ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇടിച്ചക്കപ്ലാമൂട് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജോലി നഷ്ടമാകുമോ എന്ന ഭയം അനീഷിനുണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു.

അനീഷിന്റെ ശരീരത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതില്‍ അയല്‍വാസിയായ സ്ത്രീയുടെ മാനസികപീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് എഴുതിയിട്ടുള്ളത് എന്ന് പോലീസ് പറഞ്ഞു. ചേട്ടന്‍ അനൂപിന്റെ വിവാഹം മുടങ്ങിയതു സംബന്ധിച്ച്‌ അയല്‍വാസിയായ സ്ത്രീയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ അനീഷ് അടിച്ചെന്ന് പറഞ്ഞ് ഇവര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.

അയല്‍വാസിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അനീഷിനെ സ്റ്റേഷനില്‍ വിളിപ്പിക്കുകയായിരുന്നെന്നും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം കേസ് എടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നും പാറശ്ശാല പോലീസ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോയാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി അനീഷിനുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അയല്‍വാസിയായ സ്ത്രീയുടെ പരാതിയില്‍ പാറശ്ശാല പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച്‌ മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Related posts

Leave a Comment