തിരുവനന്തപുരം: ക്ലബ് ഹൗസില്‍ സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്ന റെഡ് റൂമുകള്‍ സജീവമാകുന്നു. അര്‍ധരാത്രികളിലാണ് സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകള്‍’ സജീവമാകുന്നത്.
ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍ നിരീക്ഷണം ശക്തമാക്കുവാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മലയാളികള്‍ അടക്കം ഇത്തരം റൂമുകള്‍ നടത്തുന്നുണ്ട്. നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്.
ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.
അര്‍ധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകള്‍ സജീവമാകുന്നത് എന്നാണ് കണ്ടെത്തല്‍. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി.
കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്.
രാത്രി 11 മുതലാണ് ഇത്തരം റൂമുകള്‍ സജീവമാവുന്നത്. മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. സ്പീക്കര്‍ പാനലില്‍ സ്ത്രീകളും പുരുഷന്മാരും ധാരാളം ഉണ്ടാവും. ഓഡിയന്‍സ് പാനലിലുള്ളവരേയും ചേര്‍ത്താല്‍ ഓരോ റൂമിലും 500-നും ആയിരത്തിനും ഇടയ്ക്ക് ആള്‍ക്കാരാണ് ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നത്.
ഇതില്‍ മിക്കവരുടേയും പ്രൊഫൈല്‍ ഫോട്ടോയോ പേരോ യഥാര്‍ഥത്തിലുള്ളതാവില്ല. ലൈംഗികച്ചുവയുള്ള തലക്കെട്ട് കൊടുത്തായിരിക്കും റൂമുകള്‍ തുടങ്ങുന്നത്.
മറ്റ് സാമൂഹികമാധ്യമങ്ങളേക്കാള്‍ ആര്‍ക്കും കേള്‍ക്കാവുന്ന പൊതുചര്‍ച്ചകളാണ് ക്ലബ്ബ്ഹൗസിന്റെ പ്രത്യേകത. ലൈംഗിക സംഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത സ്ഥിതിയാണ് കണ്ടുവരുന്നത്. മികച്ച അശ്ലീല വര്‍ത്തമാനം പറയുന്നതില്‍ മത്സരങ്ങള്‍ വരെ നടക്കുന്നുണ്ട്. ആര്‍ക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം.
അശ്ലീല റൂമുകളില്‍ ഏറെയും കൗമാരക്കാരാണെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണുകള്‍ രാത്രി രക്ഷിതാക്കള്‍ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്ന് പൊലീസ് പറയുന്നു. ചാറ്റിങ് സൗകര്യം കൂടി ഉള്‍പ്പെടുത്തിയതിനാല്‍ പലരേയും വലയില്‍ വീഴ്‌ത്താനുള്ള ഉപാധിയാക്കി അത് മാറ്റുന്നതായി പൊലീസ് സംശയിക്കുന്നു.