ക്രൈസ്റ്റ് ചര്‍ച്ച്‌ പള്ളി ആക്രമണം; 51 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം

ക്രൈസ്റ്റ് ചര്‍ച്ച്‌: 2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ മുസ്ലിം ആരാധാനാലയങ്ങളില്‍ വെടിവെയ്പ്പ് നടത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം വിധിച്ച്‌ കോടതി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു കേസിലെ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. കൊലയാളിയായ 29കാരന്‍ ബ്രെന്‍റന്‍ ടറന്‍റിനാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച്‌ 15ന് മുസ്ലിം പള്ളികളില്‍ അതിക്രമിച്ച്‌ കയറി ബ്രെന്‍റണ്‍ നടത്തിയ വെടിവെപ്പില്‍ 51 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുവാവ് കഴിയുന്നത്ര പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇയാള്‍ മൂന്നാമത്തെ പള്ളിയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോടതി കണ്ടെത്തി. വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്. ഇതിന് ശേഷം സമാന രീതിയില്‍ ആക്രമണം നടത്താന്‍ ആഷ്ബര്‍ട്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു ബ്രെന്‍റണ്‍ ടറന്‍റിനെ പോലീസ് പിടികൂടിയത്.

പോലീസ് ചോദ്യം ചെയ്യലിലാണ് ‘എനിക്ക് കഴിയുന്നത്ര ആളുകളെ കൊല്ലാനാണ്​ രണ്ട് പള്ളികളിലേക്കും പോയത്​’ എന്ന് പ്രതി വെളിപ്പെടുത്തിയെന്നാണ് ക്രൗണ്‍ പ്രോസിക്യൂട്ടല്‍ ബര്‍ണാബി ഹാവെസ് കോടതിയില്‍ വ്യക്തമാക്കിയത്. യൂറോപ്പിലുള്ള മുസ്ലിം ജനവിഭാഗങ്ങളിലും യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരിലും ഭീതി പടര്‍ത്താനാണ് പ്രതി ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. തന്‍റെ പ്രത്യയശാസ്ത്രപ്രരമായ വിശ്വാസങ്ങളില്‍ പ്രചോദിതമായാണ് പ്രതി ആക്രമണം അഴിച്ചുവിട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നാല് ദിവസം നീണ്ട വിചാരണക്കൊടുവിലാണ് കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്. മനുഷ്യരഹിതം എന്നാണ് വിധി പ്രഖ്യാപിച്ച ജഡ്ജി കാമറൂണ്‍ മാന്റര്‍ പറഞ്ഞത്. ഇത്തരത്തിലുള്ള നീചമായ കൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ശിക്ഷ പ്രതിക്ക് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ പ്രതിക്കെതിരായ ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. ചിലര്‍ നിറകണ്ണുകളുമായി നിന്നപ്പോള്‍, മറ്റുചിലര്‍ പ്രതിയുമായി നേരിട്ട് സംസാരിച്ചു

Related posts

Leave a Comment