ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു

മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത കാലം ചെയ്തു . 104 വയസ്സായിരുന്നു. പത്തനംതിട്ട കുമ്ബനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പൗരോഹിത്വത്തിനു മാനവികതയുടെ മുഖം നല്‍കിയാണ് മഹാ ഇടയന്‍ വലിയ മെത്രാപോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങിയത് . ലോക മലയാളി മനസ്സിലും ക്രൈസ്തവ സഭകള്‍ക്കും അഭിമാനപ്പൂര്‍വ്വം ഉയര്‍ത്തിക്കാട്ടാവുന്ന ജീവിതത്തിനുടമ കൂടിയായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സര്‍വ്വരേയും സ്നേഹത്തില്‍ ഊട്ടിയുറപ്പിച്ച തിരുമേനി. ലോകത്തിന് മുന്നില്‍ പൗരോഹിത്യത്തിന് മാനവികതയും ദാര്‍ശനികതയും ഒരു പോലെ നല്‍കിയ മഹാ ഇടയന്‍. സ്വര്‍ണനാവിനു ഉടമ,പ്രാര്‍ത്ഥനാ നിര്‍ഭരമായ ജീവിതത്തിനും ആത്മീയ ചിന്തകള്‍ക്കും വിശ്വാസ ആചാരങ്ങള്‍ക്കും പുറമേ, ഒരു ജനതയുടെ സാമൂഹികവും സാംസ്ക്കാരികവുമായ സുരക്ഷിത ജീവിതം കൂടി ഭദ്രമാക്കാനുളള ചിന്തകളിലും കര്‍മ്മങ്ങളിലും കാരുണ്യ പ്രവൃത്തികളിലും വ്യാപൃതനായ ആത്മീയാചാര്യന്‍. പ്രസംഗത്തിലൂടെയും സ്വകാര്യ സംഭാഷണത്തിലൂടെയും ചിരിയുടെ ഓളങ്ങള്‍ തീര്‍ക്കുന്ന തിരുമേനി, പ്രസംഗവും ജീവിതവും രണ്ടുവഴിക്കാകരുതെന്ന് എന്നും ഓര്‍മപ്പെടുത്തിയ ജീവിതം. വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം.

കുമ്ബനാട് അടങ്ങാപ്പുറത്ത് കലമണ്ണില്‍ കെ.ഇ.ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-ന് ജനനം.പൗരോഹിത്യത്തിന്റെ പടവുകള്‍ കയറിയ ആ ജീവിതം – മര്‍ത്തോമ സഭയ്ക്ക് മാത്രമല്ല ക്രൈസ്തവ സഹോദരി സഭകള്‍ക്കും അഭിമാന പൂര്‍വ്വം ചൂണ്ടിക്കാണിക്കാന്‍ ഉതകുന്ന അനുഗ്രഹീത ജീവിതവുമായി പിന്നീട് മാറി.മാരാമണ്‍ സ്കൂളിലായിരുന്നു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം.കോഴഞ്ചേരി, മാരാമണ്‍, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദ പഠനം ആലുവ യു.സി കോളേജില്‍. 1947-ല്‍ വൈദികനായി.1953 മേയ് 23-ന് ജോണ്‍ ക്രിസോസ്റ്റം എന്ന വിശുദ്ധന്‍റെ പേര് സ്വീകരിച്ചു.ഡോ.അലക്സാണ്ടര്‍ മെത്രാപോലീത്ത സ്ഥാനം ഒഴിഞ്ഞതോടെ 1999 ഒക്ടോബര്‍ 23-ന് സഭയുടെ അമരക്കാരനായി.

2007 ഒക്ടോബര്‍ 2-ന് അദ്ദേഹം വലിയ മെത്രോപോലീത്ത സ്ഥാനം ഏറ്റെടുത്തു.2017 ഏപ്രില്‍ 27-ന് ശതാഭിഷിക്തനായി.2018-ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ശിഷ്ട ജീവിതം ജീവകാരുണ്യത്തിനായി നീക്കിവച്ച അദ്ദേഹം 3 വര്‍ഷമായി സദാ ആസ്ഥാനത്തും ആശുപത്രിയിലുമായി വിശ്രമത്തിലായിരുന്നു.

Related posts

Leave a Comment