ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് രാഹുല്ഗാ ന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധ പ്രകടന മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നാലെ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമം ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നില്‍ തടസം തീര്‍ത്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ വലിച്ചിഴച്ചു മാറ്റിയാണ് പോലീസ് പ്രിയങ്ക ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചതിനു പിന്നാലെ മൂന്ന് നേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ പോലീസ് അനുമതി നല്‍കുകയും ചെയ്തു.
പ്രതിഷേധ സമരം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര് മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.