തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടയത്തും ഇടുക്കിയിലും സ്പെഷല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ബെഹ്റ അറിയിച്ചു.
അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയവും ഇടുക്കിയും റെഡ്സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിഎസ് ഓഫീസര്‍മാരെ സ്പെഷല്‍ ഓഫീസര്‍മാരായി നിയോഗിച്ചതെന്നും ജില്ലയില്‍ കര്‍ശന പരിശോധന വ്യാപകമാകുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ആര്. വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന് കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് നിയോഗിച്ചതെന്നും ബെഹ്റ വ്യക്തമാക്കി.