കോവിഡ് 19 ശ്വാസകോശ സംബന്ധമായ അവയവങ്ങളെയാണ് ബാധിക്കുന്നതെന്നായിരുന്നു ഇതുവരെയുളള നിഗമനം. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തെ മുഴുവനായി തന്നെ കോവിഡ് 19 വൈറസ് ബാധിക്കുമെന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്.
ആറ് വയസ്സിന് താഴെയുളള കുട്ടികള്‍, കവസാക്കി രോഗത്തില്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുമായി ന്യൂയോര്‍ക്കില്‍ ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. രക്തകുഴലുകളെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണ് കുട്ടികളില്‍ കോവിഡ് 19 വൈറസ് ആക്രമത്തില്‍ പ്രകടമാകുന്നത്. ഇതിന് ശ്വാസകോശവുമായോ ശ്വസന അവയവങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
30നും 40നും ഇടയില്‍ പ്രായമുളളവര്‍ രക്തധമനികളില്‍ വിവിധ ഇടങ്ങളില്‍ ചോര കട്ടപിടിച്ച് അതിതീവ്ര അവസ്ഥയില്‍ അമേരിക്കയില്‍ ആശുപത്രികളില്‍ എത്തുന്നു. ഇത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം ഒഴുകുന്നതിന് ഗുരുതര തടസ്സം സൃഷ്ടിക്കുന്നു. കിഡ്നിയുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനം ഇത് തകരാറിലാക്കുന്നു.
കാല്‍വിരലുകളുടെ അടിയില്‍ ക്ഷതം പ്രകടമാക്കുന്ന ലക്ഷണങ്ങളും കോവിഡ് രോഗികളില്‍ കാണപ്പെടുന്നു. കാല്‍വിരലുകളിലെ ധമനികളില്‍ രക്തം കട്ടപിടിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ചില കോവിഡ് രോഗികളുടെ കണ്ണുകള്‍ ചീര്‍ത്ത് ചുമക്കുന്നതായും കാണപ്പെടുന്നു.