തിരുവനന്തപുരം: ( 04.02.2022) കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.
കോവിഡ് നിന്ത്രണങ്ങളോട് തീയേറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയ ജില്ലകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടാനുളള സര്‍കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. തീയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തീയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.