ന്യൂദല്‍ഹി: ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ലോക്ഡൗണ്‍ പൂട്ടഴിക്കാനൊരുങ്ങുന്നു. മിക്കവാറും ജൂണ്‍ ഒന്നോടെ രോഗഭീതിയില്‍ നിന്നും മുക്തമായ, ആളുകള്‍ക്ക് കുറെക്കൂടി സ്വതന്ത്രമായി ചലിക്കാനാവുന്ന ഒരു സ്ഥിതിവിശേഷം പല സംസ്ഥാനങ്ങളിലും ഉണ്ടായേക്കും.
ദല്‍ഹിയില്‍ വെറും 900 കോവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ഇളവുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി കെജ് രിവാള്‍. ഇവിടെ ഏപ്രില്‍ 15 മുതലാണ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ലോക്ഡൗണ്‍ തുടങ്ങിയത്. മെയ് 31 മുതല്‍ ലോക് ഡൗണ്‍ സ്വതന്ത്രമാക്കുന്നതിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. ‘ഒരു മാസമായി ലോക്ഡൗണ്‍ ആരംഭിച്ചിട്ട്. ഇത് മൂലം പാവപ്പെട്ടവര്‍ വല്ലാതെ കഷ്ടപ്പെടുകയാണ്. രണ്ടു കാര്യമാണ് ആദ്യം തുറക്കുക- കെട്ടിടനിര്‍മ്മാണ മേഖലയും ഫാക്ടറികളും. ‘ കെജ് രിവാള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക്ഡൗണും കൊറോണ കര്‍ഫ്യൂവും നീക്കാന്‍ ആലോചിക്കുകയാണ്. ഏപ്രില്‍ 30 മുതലാണ് യുപിയില്‍ കര്‍ഫ്യൂ തുടങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നിയന്ത്രണങ്ങള്‍ ജൂണ്‍ 1 മുതല്‍ നീക്കുമെന്ന് അറിയിച്ചു.
അതേ സമയം മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. അവിടെ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണിത്. പഞ്ചാബ്, ഹിമാചല്‍, നാഗാലാന്റ്, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും കുറഞ്ഞ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ തുടരും.