ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കത്തയച്ച് കേന്ദ്ര മന്ത്രി.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഗ് മാണ്ഡവ്യയാണ് കത്തയച്ചത്. ചൈന ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് കത്തയച്ചതെന്ന് പറയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് യാത്ര താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ട്.
പ്രതിരോധ കുത്തിവെയ്പ് എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും ആവശ്യപ്പെട്ടു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചോ എന്ന് ഇതിന് പകരമായി കോണ്‍ഗ്രസ് എംപി അധീർ രഞ്ജന്‍ ചൗധരി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മൻസുഗ് മാണ്ഡവ്യ ഇഷ്ടപ്പെടുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.
പല രാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച് വരുന്നതിനാൽ , കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
എല്ലാ പോസിറ്റീവ് കേസുകളും ദിവസേന ക്രമപ്പെടുത്തണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ആഴ്ചയിൽ 1,200 കേസുകളാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.