തിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ തിരുവനന്തപുരത്തെ വിതരണകേന്ദ്രത്തില്‍ തിക്കും തിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണം ലംഘിച്ചു തിരക്കുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് ഇവിടെയുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.
പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്ക് പോലും ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന അനൗണ്‍സ്മെന്റുകള്‍ ഇല്ല. എല്ലാവരും എത്രയും പെട്ടെന്ന് സാമഗ്രകള്‍ കൈപ്പറ്റി പോകുന്ന തിടക്കത്തിലാണ്.
ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കലക്ടര്‍, ഡി.സി.പി എന്നിവര്‍ ഇടപെട്ട് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാര്‍ഡുകളിലായി 3,281 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.