കൊച്ചി > കോവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോണ്‍ ക്ലൗഡിലേക്ക് മാറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആമസോണ്‍ ക്ലൗഡ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 12 വെബ് ക്ലൗഡിലൊന്നാണ്. ഇത് കൃത്യമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. ഡേറ്റ പുറത്തുവിടില്ലെന്ന് കേന്ദ്രസര്‍ക്കാരും ആമസോണ്‍ കമ്ബനിയും കരാറിലേര്‍പ്പെട്ടു.
സ്പ്രിങ്ക്ളര്‍ തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ പൂര്‍ണമായും സി ഡിറ്റിന്റെ അധിനതയിലാണ്. സ്പ്രിങ്ക്ളര്‍ കമ്ബനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്വെയര്‍ അപ്ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇവര്‍ക്ക് ഡേറ്റ പരിശോധിക്കാനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പുതിയ സോഫ്റ്റ്വെയര്‍ നിര്‍മിച്ച് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. കെ സുരേന്ദ്രന്റെ ഹര്‍ജി ചട്ടപ്രകാരമല്ലെന്നും, രമേശ് ചെന്നിത്തല സമര്‍പ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.