തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സ കഴിഞ്ഞെത്തിയ 55കാരനായ രോഗിയെ പുഴുവരിച്ച നിലയില്‍. വീണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ഈ ദുരവസ്ഥ. ഇദ്ദേഹത്തിന്‍റെ കുടുബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന് പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 6ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. ഈ സാഹചര്യത്തില്‍ അനില്‍കുമാറിന്‍റെ ബന്ധുക്കളോട് ക്വാറന്‍റൈനില്‍ പോകാന്‍ പറയുകയും, അനില്‍കുമാറിനെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാറിന്‍റെ ഭാര്യയും മക്കളും വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു.
സെപ്തംബര്‍ 26നാണ് അനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത്. അനില്‍കുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 27 ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. അച്ഛനെ അത്രയും കാലം ഒരു തുള്ളിവെള്ളം പോലും കൊടുക്കാത്ത നിലയിലാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നാണ് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതെന്ന് മകള്‍ പറയുന്നു. 21 ദിവസം മുമ്ബ് തങ്ങള്‍ കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ആശുപത്രിയിലെ ജീവനക്കാര്‍ മാറ്റിക്കൊടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.