ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ 3,016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനയാണ് ഉണ്ടായത്. ഇതോടെ പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. രാജ്യത്ത് 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,862 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം, രോഗമുക്ത നിരക്ക് 98.78 ശതമാനമാണ്. ആക്ടീവ് കേസുകൾ കൂടുതലാണെങ്കിലും കേരളം കണക്കുകളോ മറ്റു പ്രവർത്തനങ്ങളോ ഔദ്യോഗികമായി വിശദീകരിക്കുന്നില്ല.
എത്ര പരിശോധന നടത്തിയെന്ന് ഉൾപ്പെടെയുള്ള കണക്കുകൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിവിധ മേധാവികളോട് ആരാഞ്ഞപ്പോൾ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തരുതെന്നാണു മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമെന്നായിരുന്നു മറുപടി.
സംസ്ഥാനത്ത് 3600 ഡോസ് കോവാക്സീൻ ഉണ്ട്. ഇതിന്റെ കാലാവധി 31ന് അവസാനിക്കും. പുതുതായി 5000 ഡോസ് കോർബി വാക്സ് വാക്സീൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു 31ന് എത്തും.
സർക്കാർ അനുവദിച്ചിട്ടുള്ള ഏതു പ്രായക്കാർക്കും കോർബി വാക്സ് വാക്സീൻ എടുക്കാം. മാത്രമല്ല, ഏതു വാക്സീൻ എടുത്തവർക്കും കരുതൽ ഡോസ് ആയി ഈ വാക്സീൻ സ്വീകരിക്കാം.
സംസ്ഥാനത്ത് ഇതുവരെ 5.75 കോടി ഡോസ് വാക്സീനാണു നൽകിയത്. ആദ്യ ഡോസ്: 2.91കോടി, രണ്ടാം ഡോസ്: 2.52 കോടി, കരുതൽ ഡോസ്: 30 ലക്ഷം.