കോവിഡില്‍ കുതിച്ച്‌ ഉയര്‍ന്നത്‌ മോദിയുടെ ജനപ്രീതി; വരാനിരിക്കുന്നത് വന്‍ വെല്ലുവിളി !

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ആയുധങ്ങളായി മാറിയ പല വിഷയങ്ങളും കോവിഡ് വന്നതോടെ ശ്രദ്ധയില്‍നിന്നു മാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോണിങ് കണ്‍സല്‍റ്റ് എന്ന സര്‍വേ, റിസര്‍ച്ച്‌ സ്ഥാപനമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പഠനം അനുസരിച്ച്‌ ജനുവരി ഏഴിന് 76 ശതമാനം ആയിരുന്ന മോദിയുടെ ജനസമ്മതി ഏപ്രില്‍ 21 ആയതോടെ 83 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

ഐഎഎന്‍എസ്-സിവോട്ടര്‍ കോവിഡ് ട്രാക്കറിന്റെ സര്‍വേ പ്രകാരം മാര്‍ച്ച്‌ 25-ന് 76.8 ശതമാനമായിരുന്ന മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഏപ്രില്‍ 21 ആയതോടെ 93.5 ശതമാനമായി ഉയര്‍ന്നു എന്നാണ് കാണിക്കുന്നത്.

മാര്‍ച്ച്‌ തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്ബോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാ നിരക്ക് കുറഞ്ഞ സാമ്ബത്തിക വ്യവസ്ഥയിലൂടെയാണു മോദി സര്‍ക്കാര്‍ കടന്നുപോയിരുന്നത്.
ഡല്‍ഹിയിലെ തെരുവുകളില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭം, ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ സാമ്ബത്തിക തകര്‍ച്ച തുടങ്ങി നിരവധി പ്രതിസന്ധികള്‍ മോദി സര്‍ക്കാരിനെതിരെ ആയുധങ്ങളായി മാറുകയും സര്‍ക്കാരിന്റെ മോടിക്ക് മങ്ങലേല്‍പ്പിക്കാനും തുടങ്ങിയ ഘട്ടത്തിലാണ് കോവിഡ് രോഗ ഭീതിയിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നത്. കോവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ നരേന്ദ്ര മോദിക്ക് ആഗോളസമ്മതി നേടിയെടുക്കാനുള്ള കളമാണൊരുങ്ങിയത്.

അമേരിക്ക ഉള്‍പ്പെടെയുള്ള സമ്ബന്ന രാജ്യങ്ങള്‍ക്കു മരുന്നിനു വേണ്ടി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയെത്തി.

കൃത്യസമയത്തു രാജ്യത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞത് ലോകരാജ്യങ്ങളുടെ വരെ ശ്രദ്ധയാകര്‍ഷിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മാതൃകയാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

രാജ്യത്തെ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും നേരിട്ട് അക്കൗണ്ടുകള്‍വഴി പണമെത്തിക്കുന്നതുള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ ഉത്തേജനപാക്കേജ് നടപ്പാക്കിയതും മോദിസര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ മോദിക്ക് ഈ ജനപ്രീതി നിലനിര്‍ത്തുന്നതും ഒരു ബാലികേറാമലയാണ്.ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെറുകിട വ്യവസായം വന്‍തകര്‍ച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ യഥാര്‍ഥ പ്രതിസന്ധികള്‍ മോദി നേരിടാന്‍ പോകുന്നതേയുള്ളൂവെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സമ്ബദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുവെന്നതാവും മോദിയുടെ നേതൃപാടവത്തിന്റെ മാറ്റുരയ്ക്കുകയെന്ന് ബെംഗളൂരു ജയിന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ സന്ദീപ് ശാസ്ത്രി പറഞ്ഞു.

Related posts

Leave a Comment