കോവിഡിനൊപ്പം മറ്റു രോഗങ്ങൾ വരാൻ സാധ്യത; വീട്ടുചികിത്സ വേണ്ടെന്നു വിദഗ്ധർ

കഴിഞ്ഞ ദിവസം ഒരു പ്രദേശത്തു കണ്ടെത്തിയ, ചികിത്സ ആവശ്യമുള്ള 451 കോവിഡ് പേ‍ാസിറ്റീവ് രോഗികളിൽ 10% മാത്രമാണു ചികിത്സാകേന്ദ്രത്തിലേക്കു മാറിയത്. മറ്റ് ആരേ‍ാഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികൾ ചികിത്സാകേന്ദ്രങ്ങളിൽ പോകാൻ വൈകരുതെന്നു കേ‍ാവിഡ് നേ‍ാഡൽ ഒ‍ാഫിസർ ഡേ‍ാ. മേരി ജ്യേ‍ാതി വിൽസൺ നിർദേശിച്ചു. ‌കേ‍ാവിഡ് മരണങ്ങളിൽ, പേ‍ാസിറ്റീവായ ദിവസവും മരണവും തമ്മിലുള്ള ഇടവേള കുറയുന്നതായി ആരേ‍ാഗ്യ പ്രവർത്തകരുടെ നിരീക്ഷണം. പാലക്കാട് ജില്ലയിലെ ഒരു മാസത്തെ കോവിഡ് മരണത്തിന്റെ കണക്കു താരതമ്യം ചെയ്തപ്പോഴാണ് ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. ഹേ‍ാംക്വാറന്റീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം പ്രധാന കാരണമെന്നാണു പ്രാഥമിക നിഗമനമെങ്കിലും വിശദമായ നിരീക്ഷണവും വിശകലനവും നടത്തിയാലേ വ്യക്തമാകൂ എന്ന് ആരോഗ്യ അധികൃതർ പറഞ്ഞു.
കേ‍ാവിഡ് ബാധിച്ചെങ്കിലും ലക്ഷണമില്ലാത്തതിനാൽ പരിശോധന നടത്താൻ വൈകിയവരിലും മറ്റ് ആരേ‍ാഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പേ‍ാസിറ്റീവായ ശേഷം ചികിത്സാകേന്ദ്രങ്ങളിലേക്കു മാറാൻ വിസമ്മതിച്ചവരിലുമാണ് ഇടവേള കുറയുന്നതായി കാണുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരിൽ 15% പേർക്കു മാത്രമാണു പൾസ് ഒ‍ാക്സിമീറ്റർ സ്വന്തമായുള്ളതെന്ന് ആരേ‍ാഗ്യപ്രവർത്തകർ പറയുന്നു. ഒ‍ാക്സിമീറ്റർ തദ്ദേശസ്ഥാപനങ്ങൾ സ്റ്റേ‍ാക്ക് ചെയ്യണമെന്ന് ഉത്തരവുണ്ടെങ്കിലും കുറച്ചിടത്തു മാത്രമേ ഇതു നടപ്പായിട്ടുള്ളൂ. പലതും തകരാറിലുമാണ്. അതേസമയം രേ‍ാഗവ്യാപനത്തേ‍ാടെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്റർ, ഐസിയു കിടക്കകൾ ലഭിക്കാൻ പ്രയാസമായി. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കണമെന്നാണു നിർദേശമെങ്കിലും നിലവിൽ 51 എണ്ണം മാത്രമേയുള്ളൂ. ഫണ്ട് ഇല്ലാത്തതിനാൽ ചികിത്സാകേന്ദ്രം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കു ലഭിച്ചിരുന്ന സംഭാവനകളും സഹായങ്ങളും ഇപ്പേ‍ാൾ കിട്ടുന്നില്ല. അതിനിടെ പാലക്കാട് ജില്ലാ ആശുപത്രി കൂടാതെ കഞ്ചിക്കേ‍ാട്, പ്ലാച്ചിമട, മാങ്ങേ‍ാട് സിഎഫ്എൽടിസികളാണ് കേ‍ാവിഡ് ചികിത്സയ്ക്കു സർക്കാർ മേഖലയിലെ പ്രധാന ആശ്രയം. പ്രതിദിനം പേ‍ാസിറ്റീവ് ആകുന്നവരിൽ 80% വീട്ടുനിരീക്ഷണത്തിലാണ്. അതേസമയം, കുട്ടികൾക്കിടയിൽ നിലവിൽ ഗുരുതരാവസ്ഥയെ‍ാന്നുമില്ലെന്നു ഡപ്യൂട്ടി ഡിഎംഒ ഡേ‍ാ. ടി.എൻ.അനൂപ്കുമാർ പറഞ്ഞു. ഡേ‍ാക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒഴിവുകളാണ് ജില്ലയിൽ ആരേ‍ാഗ്യവകുപ്പ് നേരിടുന്ന വലിയ പ്രശ്നം. കേ‍ാവിഡും വാക്സീനേഷനും ഇതരരേ‍ാഗചികിത്സയും ഒരുപേ‍ാലെ നടത്തേണ്ട വിഷമസ്ഥിതിയിലാണ് ആരോഗ്യപ്രവർത്തകർ.

Related posts

Leave a Comment