കോഴ ആരോപണത്തില്‍ തനിക്ക് ചിലത് പറയാനുണ്ട് ; അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്

കൊച്ചി: ആരോഗ്യവകുപ്പിന് നേരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ്.

തനിക്ക് ഇക്കാര്യത്തില്‍ ചിലത് പറയാനുണ്ടെന്നും പറഞ്ഞു. ഹരിദാസന്‍ മൊഴി മാറ്റിയ വിവരം സംബന്ധിച്ച്‌ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വീണാജോര്‍ജ്ജിന്റെ പ്രതികരണം.

തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതല്ലേയെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാമെന്നും വീണ ജോര്‍ജ് പറഞ്ഞു.

നിയമന കോഴക്കേസില്‍ കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് നേരത്തേ സ്ഥിരീകരിച്ച ഹരിദാസന്‍ മൊഴി മാറ്റിയ വിവരം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്.

പരാതിക്കാരനായ ഹരിദാസന്‍ അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അഖില്‍ സജീവിന് 25,000 രൂപയും അഡ്വ.ലെനിന് 50,000 രൂപയുമാണ് കൈമാറിയത്.

കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നിയമന കോഴക്കേസിലെ കൈക്കൂലി ഇടപാട് പൊലീസ് സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും പണം ലഭിച്ചത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഹരിദാസന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഏപ്രില്‍ 10ന് മകന്റെ ഭാര്യയുടെ നിയമനത്തിനായി കൈക്കൂലി നല്‍കിയതെന്നായിരുന്നു ഹരിദാസന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പത്തിന് സെക്രട്ടറിയേറ്റ് പരിസരത്ത് ഹരിദാസന്‍ എത്തിയിട്ടില്ലെന്ന് സിസിടിവി പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഹരിദാസനും, ബാസിത്തും സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടില്‍ എത്തിയ ദൃശ്യങ്ങള്‍ പിന്നീട് കണ്ടെത്തി.

ഏപ്രില്‍ 11 നാണ് ഇരുവരും സെക്രട്ടറിയേറ്റിലെത്തിയത്. ദ്യശ്യങ്ങളെ അടിസ്ഥാനപെടുത്തി ഹരിദാസന്റെ മൊഴി വീണ്ടും എടുത്തപ്പോഴാണ് മൊഴി മാറ്റിയത്.

Related posts

Leave a Comment