കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്യു സംസ്ഥാന സെക്രട്ടറി ആദര്‍ശ് ഭാര്ഗവന്. സമൂഹമാധ്യമങ്ങളിലുടെ ആദര്‍ശ് ഭാര്‍ഗവനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടവും വ്യക്തിഹത്യ നടത്തുന്നതായി ആരോപിച്ച് എം എം നസീറും കെപിസിസിക്ക് പരാതി നല്കി. ഇതേത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശപ്രകാരം ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വ്യാഴാഴ്ച ഇരുകൂട്ടരില്‍നിന്നും മൊഴിയെടുത്തു. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം കെപിസിസി പ്രസിഡന്റിനു കൈമാറും.
ചടയമംഗലം നിയോജകമണ്ഡലത്തിലെ വെളിനല്ലൂര്‍ മുളയറച്ചാലില്‍ ഒരു മാസമായി കോഴിമാലിന്യം സംസ്കരിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം നടന്നുവരുന്നു. പഞ്ചായത്തിലെ യുഡിഎഫ് പ്രതിനിധികള്‍ ഉള്‍പ്പെടെ 17 അംഗങ്ങളും പ്ലാന്റിന് അനുമതി നല്‍കുന്നതിനെ പിന്തുണച്ചു. നിര്‍മാണം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റെ നേതൃത്വത്തില്‍ പ്ലാന്റിനെതിരെ സമരം ആരംഭിച്ചു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്ലാന്റ് ഉടമകളുമായി കഴിഞ്ഞ ആറിനു രാത്രി ഒമ്ബതിന് തിരുവനന്തപുരത്ത് രഹസ്യചര്‍ച്ച നടത്തിയെന്ന് ആദര്‍ശ് പരാതിയില്‍ പറയുന്നു.
അതേസമയം, സമരത്തില്‍നിന്നു പിന്മാറാന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. അഞ്ചുലക്ഷം രൂപ കൈപ്പറ്റിയെന്നും ബാക്കി തുക ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് ധാരണയുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പ്ലാന്റുടമകള്‍ ബാക്കി പണം നല്‍കിയില്ല. ഇതോടെ നസീറിന്റെ നേതൃത്വത്തില്‍ സമരം പുനരാരംഭിക്കുകയായിരുന്നു. വിവാദം കത്തുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംഘം വയനാട്ടില്‍ പോയി സമാനമായ പ്ലാന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തി മുളയറച്ചാലിലെ പ്ലാന്റിന് അനുകൂലമായി ഫെയ്സ് ബുക്ക് ലൈവ് ഇട്ടു. ഇതോടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയായി. സമരത്തെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കുകയാണ്.
സമരത്തിന് ജില്ലയിലെ വേസ്റ്റ് മാഫിയ പണം മുടക്കുന്നതായും ആരോപണമുയര്‍ന്നു.
കൊട്ടാരക്കരയില്‍ പരാതിക്കാരെ കൂടാതെ വെളിനല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാര്‍, ബൂത്ത് പ്രസിഡന്റുമാര്‍ എന്നിവരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.