കോഴിക്കോട് ‘ആടുതോമ’ മോഡൽ ആക്രമണം; പമ്പ് ജീവനക്കാരൻ്റെ മുഖത്ത് മുളകുപൊടി വിതറി, ഉടുമുണ്ട് പറിച്ച് തല മൂടി കവർച്ച

കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഓമശേരി മാങ്ങാപൊയിലിൽ പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈലിൽ കവർച്ച.

പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടുമണിക്കും രണ്ടരയ്ക്കും ഇടയിലാണ് സംഭവം.

മൂന്നുപേർ പെട്രോൾ പമ്പിലെത്തി ജീവനക്കാരനെ ആക്രമിച്ച് പണം കവരുകയായിരുന്നു. പമ്പിൽ എത്തിയ മോഷ്ടാക്കളിൽ ഒരാൾ ജീവനക്കാരൻ്റെ മുഖത്ത് മുളകുപൊടി വിതറുകയും മറ്റൊരാൾ സ്ഫടികം സിനിമയിലെ ആടുതോമ സ്റ്റൈലിൽ ഉടുമുണ്ട് പറിച്ചു ജീവനക്കാരൻ്റെ തല മൂടുകയും ചെയ്തു.

തുടർന്ന് ബാഗ് തട്ടിപ്പറിച്ച് മൂന്നുപേരും ഓടിരക്ഷപ്പെടുകയായിരുന്നു.ഈ സമയം പമ്പിൽ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് എത്രയും പെട്ടെന്ന് പ്രതികളെപിടികൂടുമെന്ന് പോലീസ് അറിയിച്ചു

Related posts

Leave a Comment