കോട്ടയം: കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യചെയ്ത സംഭവത്തില്‍ എം.ജി സര്‍വകലാശാലയുടെ അന്വേഷണം ആരംഭിച്ചു.പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. അഞ്ജുവിനോടൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.മരിക്കുന്നതിന് തൊട്ടു മുമ്ബ് അഞ്ജുവിന്റെ ഫോണില്‍ നിന്ന് സുഹൃത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ വിശദപരിശോധനയ്ക്ക് സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
സര്‍വകലാശാലയുടെ മൂന്നംഗ അന്വേഷണ സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അഞ്ജു പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജില്‍ സംഘം പരിശോധന നടത്തും. കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് പുറമെ സമിതി പരീക്ഷാഹാളിലെ നടപടി ക്രമങ്ങളും പരിശോധിക്കും. ഹാള്‍ടിക്കറ്റിന്റെ പുറകില്‍ അഞ്ജു പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നുവെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഹാള്‍ടിക്കറ്റിലെ കൈപ്പട അഞ്ജുവിന്റേതല്ലെന്നും നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നുമാണ് വീട്ടുകാരും ബന്ധുക്കളും പറയുന്നത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹ്യയുടെ കാരണമെന്നാണ് അവര്‍ പറയുന്നത്.