കോണ്‍ഗ്രസ് ഇപ്പോള്‍ ക്രിയാത്മക പ്രതിപക്ഷമല്ല; പാര്‍ട്ടിയിലെ നേതൃപ്രതിസന്ധിയെക്കുറിച്ച്‌ വീണ്ടും പരസ്യമായി പ്രതികരിച്ച്‌ കപില്‍ സിബല്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി ഇപ്പോള്‍ ബിജെപിക്കെതിരായ ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പാര്‍ട്ടി എന്താണെന്ന് വിശദീകരിക്കുന്നതുവരെ മാറ്റങ്ങള്‍ സംഭവിക്കില്ല. രാഹുല്‍ ഗാന്ധിക്കോ, കുടുംബത്തിനോ എതിരല്ല താനെന്ന് പറഞ്ഞ കപില്‍ സിബല്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയും പ്രകടിപ്പിച്ചു. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നത്.

18 മാസമായി പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനില്ലാതെ, തോല്‍വിയെക്കുറിച്ച്‌ ചര്‍ച്ച നടത്താതെ എങ്ങനെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ കഴിയുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. താന്‍ ഗാന്ധി കുടുംബത്തിനെതിരായ വിമതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെയും കുറിച്ച്‌ ചര്‍ച്ചയാരംഭിക്കുംവരെ ചോദ്യങ്ങളുന്നയിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീടുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പുകളിലെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യമാണ് അവര്‍ നേരിടുന്നത്. എന്താണ് അവരുടെ വികാരം?. തന്റെ വികാരവും വ്രണപ്പെട്ടു. ദശലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment