ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്.
തൃശൂരില്‍ ടി.എൻ.പ്രതാപനു പകരം കെ.മുരളീധരനെ പരിഗണിക്കുന്നു.
മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകള്‍ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ വമ്ബൻ സർപ്രൈസ് വരുന്നത്.
കരുണാകരന്‍റെ മകനും വടകരയിലെ സിറ്റിംഗ് എം പിയുമായ കെ മുരളീധരനെ തൃശൂരില്‍ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
വടകരയില്‍ ഷാഫി പറമ്ബില്‍ എം എല്‍ എയെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണ്.
ഷാഫി അല്ലെങ്കില്‍ ടി സിദ്ദിഖിനെയും കളത്തിലിറക്കാൻ ആലോചനയുണ്ട്.
പാലക്കാട്ട് വി.കെ. ശ്രീകണ്ഠനു പകരം ഷാഫി പറമ്ബിലിനെ മത്സരിപ്പിക്കുന്നതു പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.
വടകരയില്‍ ഷാഫി വരുന്നതു വഴി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പായി.
ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു.
ആലപ്പുഴ തിരിച്ചുപിടിക്കാൻ വേണുഗോപാല്‍ തന്നെ ഇറങ്ങണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
സംഘടനാ ചുമതലയുടെ തിരക്കുകള്‍ മൂലം വേണുഗോപാല്‍ ഇല്ലെങ്കില്‍ ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിനെയും പരിഗണിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധി തന്നെയാകും വയനാട്ടിലെ സ്ഥാനാർഥി. കണ്ണൂരില്‍ സിറ്റിംഗ് എം പിയും കെ പി സി സി അധ്യക്ഷനുമായ കെ സുധാകരൻ വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
ബാക്കി മുഴുവൻ മണ്ഡലങ്ങളിലും സിറ്റിംഗ് എം പിമാർ മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടിക സംബന്ധച്ചു ചർച്ച നടത്തി.
സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. അപ്രതീക്ഷിത പേരുകള്‍ പട്ടികയിലുണ്ടാകുമെന്ന് കെ.സുധാകരൻ പറഞ്ഞു.
തിരഞ്ഞെടുപ്പു സമിതി യോഗത്തില്‍ സോണിയ ഗാന്ധി, കെ.സി.വേണുഗോപാല്‍, കെ.സുധാകരൻ,
വി.ഡി.സതീശൻ, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ
ഭാഗമായി ഗുജറാത്തിലുള്ള രാഹുല്‍ ഗാന്ധി വിഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുത്തു.