കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു; കോഴിക്കോട് ഒരാള്‍ ഒഴുക്കില്‍പെട്ടു

കോട്ടയം/കോഴിക്കോട്: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായെങ്കിലും മഴക്കെടുതി ഒഴിയുന്നില്ല.

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. അയ്മനം സ്വദേശിനി മുട്ടേല്‍ സ്രാമ്ബത്തറ ഭാനു (73) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

വടകര ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുന്‍പ് ഒഴുക്കില്‍പ്പെട്ട മീത്തലെപ്പറമ്ബ് വിജീഷ് (35) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കോഴിക്കോട് വലിയമങ്ങാട് ബീച്ചില്‍ തിരയില്‍പെട്ട് യുവാവിനെ കാണാതായി. അനൂപ് സുന്ദരന്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

കോഴിക്കോാട് മാവൂറില്‍ വെള്ളക്കെട്ട് ഉണ്ടായി. ചാലിയാറും ചെറുപുഴയും കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറി. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിലശേരിയില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്കേറ്റു.

അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ചാത്തങ്കരിയില്‍ വീടിനുള്ളില്‍ കുടുങ്ങിപ്പോയ അമ്മയേയും മകനെയും അഗ്നിശമന സേന രക്ഷപ്പെടുത്തി. 80 വയസ്സുള്ള അമ്മയും കെട്ടിടത്തില്‍ നിന്ന് വീണ് കിടപ്പിലായിരുന്ന മകനെയുമാണ് വെള്ളം കയറിയ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ചമ്ബക്കുളം ബസ് സ്റ്റാന്റില്‍ വെള്ളം കയറി. ചമ്ബക്കുളം -എടത്വ റോഡിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലായി. 360 ഏക്കര്‍ ചെമ്ബടി-ചക്കങ്കരി പാടത്ത് വെള്ളംകയറി. മൂലപ്പള്ളിക്കാട് പാടശേഖരവും മുങ്ങി.

മൂന്നിടത്ത് പുറംബണ്ട് തകര്‍ന്നു. ഒരാഴ്ചയ്ക്കിടെ ആലപ്പുഴയില്‍ 10.08 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.

കുതിരാനില്‍ വിള്ളല്‍ വീണ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റുകയാണ്. റോഡ് നിര്‍മ്മിച്ചുനല്‍കാന്‍ കമ്ബനിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കൊച്ചി- ധനുഷ്‌കോടി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വയനാട് ലക്കിടിയില്‍ മരം വീണതിനെ തുടര്‍ന്ന് കോഴിക്കോട്- മൈസൂരു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ന്യുകോളനിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഒരു വീണ് ഇടിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ പതിക്കുകയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു.

സംസ്ഥാനത്ത് മണ്‍സൂണ്‍ പാത്തിയും ന്യുനമര്‍ദ്ദപാത്തിയും തുടരുന്ന സാഹചര്യത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ചക്രവാതചുഴി നിലവില്‍ പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും  സാധ്യത തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Related posts

Leave a Comment