കോട്ടയം: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് രശ്മി രാജ് എന്ന നഴ്സ് മരിച്ച സംഭവത്തില്‍ മലപ്പുറം കുഴിമന്ത്രി ഹോട്ടലിന്‍റെ ഉടമ ലത്തീഫ് അറസ്റ്റിലായതിന് പിന്നാലെ ഹോട്ടലിലെ മുഖ്യപാചകക്കാരനും അറസ്റ്റിലായി.
മുഖ്യപാചകക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനാണ് മലപ്പുറത്ത് പിടിയിലായത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് സിറാജുദ്ദീനെ പിടികൂടിയത്.
ഭക്ഷ്യവിഷബാധയേറ്റുള്ള രശ്മിയുടെ മരണത്തില്‍ പൊലീസ് നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം നടത്തുന്നത്.
നേരത്തെ മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സ്വദേശി ഐ.എ. ലത്തീഫാണ് അറസ്റ്റിലായത്.
അല്‍ഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ജനവരി രണ്ടിനാണ് മരിച്ചത്.
ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. രശ്മിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ മറ്റ് എട്ട് പേര്‍ കൂടി.
കോട്ടയത്ത് പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഹോട്ടലുടമ കാസര്‍ഗോഡ് സ്വദേശി ലത്തീഫിനെ പൊലീസ് പിടികൂടിയത്.