അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന് എ.ഡി.ജി.പി
സ്വന്തം ലേഖകന്‍
കോട്ടയം: സ്ഥിതി അതിഗുരുതരമായ സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ കോട്ടയത്തും ഇടുക്കിയിലും പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ. പത്മകുമാര്‍ പൊലീസിന് നിര്‍ദേശം നല്കി. ഇടുക്കിയില്‍ പ്രത്യേക നിരീക്ഷണത്തിന് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന് കമാന്‍ഡന്റ് ആര്. വിശ്വനാഥ് കോട്ടയത്തും കെ.എ.പി ഒന്നാം ബറ്റാലിയന് കമാന്‍ഡന്റ് വൈഭവ് സക്സേന ഇടുക്കിയിലും സ്പെഷല്‍ ഓഫിസര്‍മാരായും പ്രവര്‍ത്തിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പൊലീസ് നടത്തിയ ഇടപെടല്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് സഹായകമായ സാഹചര്യത്തിലാണ് അതേ മാതൃകയില്‍ കോട്ടയത്തും ഇടുക്കിയിലും നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ച കോട്ടയത്തെത്തിയ ഇരുവരും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ഇടുക്കിയിലും കോട്ടയത്തും ജനങ്ങള്‍ നിരത്തിലിറങ്ങരുതെന്ന് എ.ഡി.ജി.പി കെ.
പത്മകുമാര്‍ പറഞ്ഞു. ഹോട്സ്പോട്ട് മേഖലകളില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരുകാരണവശാലും അവിടെ അകത്തോട്ടും പുറത്തോട്ടും പോകാന്‍ ആരെയും അനുവദിക്കില്ല. ജില്ല അതിര്‍ത്തികളിലും പരിശോധന തുടരും. അനാവശ്യമായി ആരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി അടച്ചുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നടപടികള്‍ ശക്തമാക്കാന്‍ സ്പെഷല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയതായും എ.ഡി.ജി.പി ‘മാധ്യമ’ത്തോട് പറഞ്ഞു. ഹോട്സ്പോട്ട് മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തി വഴി വരുന്നവരെ പിടികൂടാന്‍ ശക്തമായ നടപടിയാണ് എടുക്കുന്നത്.
നടപടി ഏകോപിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി നിര്‍വഹിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു.