കോടതി പരിഗണിച്ചത് സാങ്കേതികമായ കാര്യം; സിബിഐ അന്വേഷണത്തിന് യാതൊരു തടസ്സവുമില്ലെന്ന് അനില്‍ അക്കര

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബഐ അന്വേഷണത്തിന് ഭാഗികമായി സ്‌റ്റേ അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി അഴിമതി ആരോപണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട അനില്‍ അക്കര എംഎല്‍എ.

ഹൈക്കേടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്നും നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവിന് എതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ കൊണ്ടുവന്ന തെളിവുകള്‍ കൃത്യമാണെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ലൈഫ് മിഷന്‍ ഇടപാട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ( എഫ് സി ആര്‍ എ) പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ വാദം തുടരും എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിനോ പ്രതിചേര്‍ക്കുന്നതിനോ കഴിയില്ല എന്നാണ് തനിക്ക് കിട്ടിയ വിവരം. സര്‍ക്കാരിന്റെ വാദത്തില്‍ നിന്ന് സാങ്കേതികമായ വിഷയമാണ് കോടതി പരിഗണിച്ചത്. അല്ലാതെ സിബിഐ അന്വേഷണം നടത്തുന്നതിന് യാതൊരു തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.

എഫ് സി ആര്‍ എ പരിധിയില്‍ ലൈഫ് മിഷന്‍ വരുമോ എന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന യൂണി ടാക്കിന്റെ ഹര്‍ജി അംഗീകരിച്ചാല്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെന്ന് പറയുന്നതില്‍ ഒരു യുക്തിയുമില്ലെന്നും അനില്‍ അക്കര പറഞ്ഞു.

Related posts

Leave a Comment