കോടതിമുറിയില്‍ വാദം നടക്കുന്നതിനിടെ ജഡ്ജിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആക്രമിച്ചു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

കോടതിമുറിയില്‍ ജഡ്ജിനുനേരെ തോക്ക് ചൂണ്ടി പൊലീസുകാര്‍. ബീഹാറിലെ മധുബാനി ജില്ലയിലെ ജന്‍ജാരാപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയ പൊലീസുകാരായിരുന്നു ജഡ്ജിനെ ആക്രമിച്ചത്. ഘോഗാര്‍ദിഹ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപാല്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ അഭിമന്യു കുമാര്‍ എന്നിവരാണ് ജഡ്ജിനെ ആക്രമിച്ചത്.

ഒരു കേസിന്റെ വാദത്തിനായാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ വാദം നടന്നുകൊണ്ടിരിക്കെ ജഡ്ജായ അവിനാഷ് കുമാറിനെ ആക്രമിക്കുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. ആക്രമണത്തിനിടെ ജഡ്ജിനെ രക്ഷിക്കാനെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും ഇവര്‍ ആക്രമിച്ചു. അതേസമയം, എന്ത് കാരണത്താലാണ് ഇവര്‍ ജഡ്ജിനെ ആക്രമിച്ചതെന്ന കാര്യം വ്യക്തമല്ല. തന്റെ വിധിന്യായങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ച ജഡ്ജായിരുന്നു അവിനാഷ് കുമാര്‍. അദ്ദേഹത്തിന്റെ നിരവധി വിധിന്യായത്തില്‍ ജില്ലയിലെ പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതിയില്‍ ജഡ്ജിനെ ആക്രമിച്ച സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച്‌ ജന്‍ജാരാപൂര്‍ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നു. കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കെ ജഡ്ജിനെ ആക്രമിച്ചത് നീതിന്യായ വ്യവസ്ഥയെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നാണ് ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നത്. ജില്ലയിലെ പൊലീസ് എസ്.പിയേയും ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment