കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ശാസ്ത്രീയമായി തയ്യാറെടുക്കണം: കേന്ദ്രത്തോട് സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗംനേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രീയമായി തയ്യാറെടുക്കണമന്ന് സുപ്രിംകോടതി.

പ്രതിസന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ഉടന്‍തന്നെ ആവിഷ്‌കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എം.ആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

കൊവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്ബോള്‍ മാതാപിതാക്കളും വരും. അതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും ഇവയ്‌ക്കെല്ലാം ശാസ്ത്രീയമായി ആസൂത്രണം ചെയ്യണമെന്നും കോടതി പറഞ്ഞു.

എംബിബിഎസ് പൂര്‍ത്തിയാക്കിയ പിജി കോഴ്സുകളില്‍ ചേരാന്‍ കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തിന് അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണ്.

മെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കി നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന 1.5 ലക്ഷം ഡോക്ടര്‍മാരാണുള്ളത്. 1.5 ലക്ഷം ഡോക്ടര്‍മാരും 2.5 ലക്ഷം നഴ്സുമാരും വീട്ടില്‍ ഇരിക്കകയാണ്. മൂന്നാം തരംഗത്തിന് അവരുടെ സേവനം നിര്‍ണായകമാകുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ വിതരണം സംബന്ധിച്ച ഹരജികളില്‍ വാദം കേള്‍ക്കവെയാണ് സുപ്രിംകോടതിയുടെ നിര്‍ണായക പരാമര്‍ശം.

ഡല്‍ഹിയില്‍ പ്രതിദിന ആവശ്യത്തിനുളളില്‍ 700 മെട്രിക് ടണ്‍ ഓക്സിജന്‍ എത്തിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും കോടതി ആരാഞ്ഞു. കോടതി നിര്‍ദേശം പാലിച്ചുവെന്നും പ്രതിദിനം 730 മെട്രിക് ടണ്‍ വിതരണത്തിന് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്കുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വലിയ അളവില്‍ ഓക്സിജന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അവ ഇറക്കിവയ്ക്കുന്നതിനുള്ള സമയമാണ് എടുക്കുന്നത്. അതിനാല്‍ അവയുടെ വിതരണം നടത്താനായിട്ടില്ല. എല്ലാ പ്രധാന ആശുപത്രികളിലും നിലവില്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിനുണ്ടെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു

Related posts

Leave a Comment