കൊവിഡ് ബാധിച്ചു, സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഭാര്യ ബസന്തി അതീവ ഗുരുതരാവസ്ഥയില്‍.കൊവിഡ് ബാധിച്ച്‌ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയിലാണ്.നടന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഭാര്യയിപ്പോഴുമെന്നും, പ്രകൃതി അത് അനുവദിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.കൊവിഡ് ഭീകരമല്ലെന്നും, നമ്മളാണ് അവനെ ഭീകരനാക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ആശുപത്രി ജീവനക്കാര്‍ക്കും, കൂട്ടുകാര്‍ക്കുമൊക്കെ അദ്ദേഹം കുറിപ്പിലൂടെ നന്ദി പറയുകയും ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയരേ,

ദിവസങ്ങളായി കൊവിഡാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍! ജീവന്‍ കൈയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്.

പറയുന്നത് മറ്റൊന്നാണ്, കൊവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍!

ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്ക് സംസാരിക്കുമ്ബോഴും, അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു, പക്ഷേ…

ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച്‌ സ്ത്രീകള്‍.

പുറത്ത് ഹൃദയപൂര്‍വ്വം കൂട്ടുനില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നില്‍ക്കുന്ന പ്രിയ കൂട്ടുകാര്‍ക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാര്‍ക്കും, പ്രിയപ്പെട്ട നിങ്ങള്‍ക്കും നന്ദി…

 

 

ഒരുപാട് പേര്‍ അന്വേഷിക്കുന്നു ബസന്തിയുടെ വിശേഷങ്ങള്‍; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ…

 

Related posts

Leave a Comment