റിയാദ്: സഊദിയില്‍ വീണ്ടും കൊവിഡ് ബാധിച്ചു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം ചട്ടിപ്പറമ്ബ് പുള്ളിയില്‍ ഉമ്മര്‍ (49) എന്നിവരാണ് റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ മരണപ്പെട്ടത്.
റിയാദില്‍ മരണപ്പെട്ട തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്ബില്‍ ബഷീര്‍ (64) കൊവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം.
എന്നാല്‍, രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യു പ്രാബല്യത്തില്‍ ഉണ്ടായതിനാല്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്ബ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മകള്‍ ഷബ്‌ന. മൃതദേഹം കിംഗ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാള സുന്നീ സെന്റര്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച ബഷീര്‍.
കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി പി അബ്ദുല്‍ ഖാദര്‍ (55 ) അല്‍ കോബാറില്‍ താമസ സ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. നാല് ദിവസം മുമ്ബ് പനിയെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ സെന്റെറില്‍ പ്രവേശിപ്പിച്ചു ചികിത്സ നടത്തിയെങ്കിലും മറ്റു രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കൊവിഡ് പരിശോദന ഫലം പുറത്തു വന്നപ്പോള്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. പതിനഞ്ചു വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സുഹറ, മക്കള്‍ അജാസ്, റാഷിദ്, ജസ്‌ന, മുബഷിറ, മരുമക്കള്‍ ഷമീര്‍, ഷാഫി, ഷഹന. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49) ആണ് മരണപ്പെട്ട മറ്റൊരു മലയാളി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരണപ്പെട്ടത് . നടപടിക്രമങ്ങള്‍ക്കായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. ഇതോടെ സഊദിയില്‍ കോവിഡ് ബാധിച്ചു മരണപ്പെടുന്ന മലയാളികള്‍ 32 ആയി ഉയര്‍ന്നു.