“കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..മമ്മൂക്ക എഴുതുന്നു

മമ്മൂക്ക എഴുതുന്നു

ഇടവേളയിലെപ്പോഴോ ഞാൻ സംവിധായകൻ കെ.എസ്.സേതുമാധവനെ സമീപിച്ചു

“സാർ..ഞാൻ കഴിഞ്ഞ ദിവസം കോട്ടയത്ത് വന്നിരുന്നു”

എന്നെ,അദ്ദേഹം അടിമുടി നോക്കി

“കൊള്ളാം..പക്ഷേ നിങ്ങൾക്ക് ശരീരം പോരാ..നിരാശപ്പെടാനില്ല..പ്രായം ഇത്രയല്ലേ ആയിട്ടുള്ളൂ..കുറച്ചൂടി വെയ്റ്റ് ചെയ്യൂ”

എന്റെ ശരീരം പുഷ്ടിപ്പെടാൻ സേതുമാധവൻ സാർ ഒരുപായം പറഞ്ഞു തന്നു,രാത്രി കുറേ പാൽ എടുത്ത് അതിൽ ചോറിട്ട് അല്പം മോരൊഴിച്ചു വയ്ക്കണം..പിറ്റേന്ന് രാവിലെ പാലും ചോറും ആകെയൊരു കട്ടത്തൈരായി മാറിയിട്ടുണ്ടാകും.അത് കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും

പക്ഷേ അന്നും ഇന്നും ഞാനീ വിദ്യ പരീക്ഷിച്ചിട്ടില്ല,കാരണം അന്നും ഇന്നും തൈര് കഴിക്കാൻ എന്നെക്കൊണ്ടാവില്ല

എന്തായാലും സേതുമാധവൻ സാറുമായി സംസാരിച്ചപ്പോൾ എനിക്ക് സന്തോഷമായി.വലിയ അംഗീകാരം കിട്ടിയ പോലെ കുറച്ചൊരു ഗൗരവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഷൂട്ടിംഗ് കാണാൻ തിങ്ങിക്കൂടിയ ആളുകളെ നിയന്ത്രിച്ചു

“ഹേ..ഒന്ന് മാറി നിൽക്ക്..ബഹളം വച്ചാൽ ഒന്നും നടക്കില്ല”

അവിടെ വച്ച് ഞാൻ നടൻ പറവൂർ ഭരതനെ പരിചയപ്പെട്ടു.വളരെ വിനീതനാണ് അദ്ദേഹം.ആരെ സമീപിച്ചാൽ സിനിമയിൽ ഒരു അവസരം കിട്ടും,എങ്ങനെ അഭിനയിക്കണം എന്നിങ്ങനെയുള്ള എന്റെ നൂറ് നൂറ് സംശയങ്ങളുമായി ഞാൻ പറവൂർ ഭരതന്റെ പിന്നിൽ കൂടി.എല്ലാത്തിനും അദ്ദേഹം ക്ഷമയോടെ മറുപടി നൽകി

ഉച്ചക്ക് സെറ്റിൽ നിന്ന് ഭക്ഷണം കിട്ടും,പക്ഷേ ഞാനവിടെ നിന്ന് കഴിച്ചില്ല.സെറ്റിലെ ഭക്ഷണം കഴിച്ചാൽ അഭിനയിക്കാനുള്ള അവസരം പോയാലോ എന്നായിരുന്നു എന്റെ പേടി.പുറത്തൊരിടത്ത് പോയി ഞാൻ ചായ കുടിച്ചു

അന്ന് സന്ധ്യ വരെ അവിടെ നിന്നെങ്കിലും എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചില്ല.രാത്രി വയലാറിൽ പോയി കിടന്നു.പിറ്റേന്ന് പുലർച്ചെ വീണ്ടും ലൊക്കേഷനിലെത്തി

രണ്ടാം ദിവസം ഉച്ചക്ക് ശേഷം സംവിധായകൻ എന്നെ വിളിച്ചു

“നിങ്ങൾ രണ്ട് ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം”

വർഗ്ഗശത്രുവിനെ എതിരിട്ടു കൊന്ന ശേഷം തൂക്കുമരം ഏറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോൾ ആയിരുന്നു ആ സിനിമയിൽ(അനുഭവങ്ങൾ പാളിച്ചകൾ) സത്യന്.ചെല്ലപ്പൻ,സഹായിച്ചതിന്റെ പേരിൽ മുതലാളിയുടെ ഗുണ്ടകൾ ഫാക്ടറി കവാടത്തിലുള്ള ബഹദൂറിന്റെ മാടക്കട തല്ലി തകർക്കുന്നു.ആ വാർത്തയറിഞ്ഞ പരിഭ്രമത്തോടെ ബഹദൂർ ഓടിക്കിതച്ചുവരുന്നു.പിന്നാലെ മറ്റ് രണ്ട് പേരുമുണ്ട്..ഒന്ന് കൊച്ചിയിലെ ഒരു തീയേറ്ററിൽ ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന വർഗീസ്..മറ്റൊന്ന് ഞാൻ

ഷോട്ട് റെഡിയാകാൻ കുറച്ച് സമയമെടുക്കും.ഞാൻ മെല്ലെ ആ ഫാക്ടറിക്കകത്തേക്ക് ചെന്നു.അവിടെ ഒരൊഴിഞ്ഞ മൂലയിൽ ചാക്കിന്റെ പുറത്ത് കിടന്ന് നടൻ സത്യൻ കൂർക്കം വലിച്ചുറങ്ങുന്നു.ഒരു നിമിഷം ഞാനത് നോക്കി നിന്നു,

ക്രോസ്സ്‌ബെൽറ്റും കാക്കികുപ്പായവും ഊരിയെറിഞ്ഞ് ചലച്ചിത്ര നടനായ പ്രതിഭാധനൻ.സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പുതിയ സൗന്ദര്യ സങ്കല്പം സൃഷ്ടിച്ച ആ കറുത്ത മുത്തിന്റെ കാലുകളിൽ ഞാൻ തൊട്ട് വണങ്ങി..ആരും അത് കണ്ടില്ല..സത്യൻ സാർ പോലും അതറിഞ്ഞില്ല..അദ്ദേഹം എന്നോട് സംസാരിച്ചിട്ട് പോലുമില്ല.

വീണ്ടും സംവിധായകന്റെ അടുത്തെത്തി.മേക്കപ്പ്മാൻ കെ.വി.ഭാസ്കരന്റെ സഹായി എന്റെ മുഖത്ത് സ്പ്രേ അടിച്ചു.യുഡികൊളോൺ ആണ് അതെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്

ഞാൻ മുണ്ട് അലക്ഷ്യമായി കുത്തി..ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു വച്ചു..മുടി ചിതറിയിട്ടു..അഭിനയിക്കാൻ തയ്യാറായി.ഈ റോളിൽ ഷൈൻ ചെയ്തിട്ട് വേണം കൂടുതൽ അവസരങ്ങൾ നേടാൻ..വലിയ സ്റ്റാറാകാൻ..അതിനുള്ള ഒരുക്കം

ആദ്യ റിഹേഴ്‌സൽ..കണ്ണ് ഇറുകെപ്പൂട്ടി വായ് പൊളിച്ചു കൊണ്ടാണ് ഞാൻ ഓടിവന്നത്,കാരണം റിഫ്ലെക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്ക് കണ്ണു തുറക്കാനാകുന്നില്ല.മെല്ലി ഇറാനിയാണ് ഛായാഗ്രാഹകൻ

“അയ്യേ…നിങ്ങളെന്തിനാണ് കണ്ണ് തുറക്കുകയും വായ പൊളിക്കുകയും ചെയ്യുന്നത്..ശരിക്ക് ഓടി വരൂ”

സംവിധായകൻ നിർദേശിച്ചു

പക്ഷേ റിഫ്ലക്ടർ മുന്നിലിരിക്കുന്നത് കൊണ്ട് എനിക്ക് കണ്ണു തുറക്കാനാകുന്നില്ല..രണ്ട് റിഹേഴ്‌സലായി..എന്റെ പ്രകടനം ശരിയാകുന്നില്ല

“ഒരു കാര്യം ചെയ്യൂ..നിങ്ങളങ്ങോട്ട് മാറി നിൽക്കൂ..മറ്റാരെയെങ്കിലും നോക്കാം”

സംവിധായകൻ സേതുമാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തകർന്ന് പോയി.എന്റെ എല്ലാ പ്രതീക്ഷകളെല്ലാം പൊലിഞ്ഞു..പൊട്ടിക്കരഞ്ഞു പോകും എന്ന് നിലയിലാണ് എന്റെ നിൽപ്പ്.അതിനിടെ ചിത്രത്തിന്റെ സഹസംവിധായകൻ എനിക്ക് പകരം മറ്റാരെയോ അന്വേഷിക്കുന്നു

“സാർ..പ്ലീസ്..ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം”

എന്റെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടിട്ടാകണം സേതുമാധവൻ സാർ ഒരു റിഹേഴ്‌സൽ കൂടി നടത്തി

വളരെ പ്രയാസപ്പെട്ടു ഞാൻ കണ്ണ് തുറന്നു പിടിച്ചു..വായ് അടച്ചു..അങ്ങനെ ഒരു വിധത്തിൽ ആ ഷോട്ടെടുത്തു.അത് കഴിഞ്ഞാണ് സമാധാനമായത്.സെറ്റിൽ പോലും ആരോടും മിണ്ടാതെ അവിടെ നിന്നും മുങ്ങി.വയലാറിൽ ചെന്ന് ജമീല മാമിയോടും ഭർത്താവ് ബാപ്പൂട്ടിക്കായോടും യാത്ര പറഞ്ഞ് നേരെ ചെമ്പിലേക്ക് പുറപ്പെട്ടു.

ഒരു ജേതാവിനെ മട്ടിലായിരുന്നു ഞാൻ നാട്ടിൽ ബസ്സിറങ്ങിയത്.ആദ്യം കണ്ടത് മമ്മദിനെയാണ്.അവനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു..കൂടെ ഒരു നിർദേശവും

“നീ ഇത് ആരോടും പറയണ്ട..രഹസ്യമായിരുന്നാ മതി”

പക്ഷേ ഞാൻ തന്നെ പരിചയക്കാരോടൊക്കെ ഈ വിവരം പറഞ്ഞു

അനുജന്മാരായ ഇബ്രാഹിം കുട്ടിക്കും സക്കറിയക്കും അത്ഭുതം..ഇച്ചാക്ക സിനിമയിൽ അഭിനയിച്ചുവെന്നോ!!!അത്ഭുതകരമായ ഒരു വാർത്തയറിഞ്ഞ ആഹ്ലാദമായിരുന്നു അവർക്ക്

ബാപ്പയോടും ഉമ്മയോടും മാത്രം ഞാൻ ഈ കാര്യം പറഞ്ഞിരുന്നില്ല..അവരുടെ പ്രതികരണം എതിരാണെങ്കിലോ!!

എന്തായാലും ഓരോരുത്തരും പറഞ്ഞ് പറഞ്ഞ് ഈ വാർത്ത നാട്ടിൽ മുഴുവൻ പാട്ടായി..പാണപ്പറമ്പിൽ ഇസ്മയിൽ മേത്തരുടെ മകൻ സിനിമയിൽ അഭിനയിക്കുന്നുവെത്രേ!!അവർക്കിനി എന്ത് വേണം..കോടിക്കണക്കിന് രൂപയല്ലേ വരുമാനം..കാറും കൊട്ടാരവും എന്ന് വേണ്ട,ആഗ്രഹിക്കുന്നതെല്ലാം നേടാമല്ലോ..നാട്ടിൽ അങ്ങനെ പല കഥകളും പരന്നു

അനുഭവങ്ങൾ പാളിച്ചകൾ എന്ന എന്റെ ആദ്യ സിനിമ റിലീസ് ചെയ്യാൻ രണ്ട് മാസം കഴിയും..ആകാംക്ഷയോടെയാണ് ആ നാളുകളത്രയും കഴിച്ചു കൂട്ടിയത്

അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നു

‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസായി

ആദ്യത്തെ ദിവസം മോർണിംഗ് ഷോക്ക് തന്നെ ഞങ്ങൾ കയറി

എനിക്കാകെ ടെൻഷനായി

ഞാനഭിനയിച്ച രംഗം ഇല്ലാതെ വരുമോ..സിനിമയിൽ ചില രംഗങ്ങൾ കട്ട് ചെയ്ത് കളയും എന്ന് കേട്ടിട്ടുണ്ട്..അങ്ങനെ സംഭവിച്ചാലോ..ആകെ നാണക്കേടാകും..കൂട്ടുകാരോടൊക്കെ ഈ വിവരം പറഞ്ഞത് തന്നെ അബദ്ധമായെന്ന് എനിക്ക് തോന്നി

അടക്കാനാവാത്ത ഉത്കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴാണ് സ്‌ക്രീനിൽ എന്റെ മുഖം

ദൂരെ നിന്ന് ഓടി വരികയാണ് ഞാൻ

കാലൊക്കെ നീണ്ട് കൊക്കു പോലിരിക്കുന്ന ആ രൂപം കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി

പക്ഷേ തീയേറ്ററിലാകെ കൂട്ടുകാരുടെ ആർപ്പുവിളി..”എടാ..മമ്മൂട്ടിയേ”..അവർ വിളിച്ചു കൂവുന്നു

കണ്ണടച്ചു തുറക്കും മുൻപേ സ്‌ക്രീനിൽ നിന്ന് മറഞ്ഞു പോവുകയൊന്നുമില്ല..ഒരു മിനിറ്റ് നേരം സ്‌ക്രീനിൽ കാണാം

സിനിമ കഴിഞ്ഞപ്പോൾ എല്ലവരും കൂടി എന്നെ പൊതിഞ്ഞു.എങ്ങനെ ഇത് സാധിച്ചു എന്നാണ് അവർക്ക് അറിയേണ്ടത്..

ഓരോരുത്തർക്കും ഓരോ സംശയങ്ങൾ..

അതേ തുടർന്ന് ഞാൻ മഹാരാജാസിലെ സൂപ്പർസ്റ്റാറായി മാറി

(മമ്മൂക്ക എഴുതിയ ‘ചമയങ്ങൾ’ എന്ന പുസ്തകത്തിൽ നിന്ന്)

Related posts

Leave a Comment