കൊലയ്ക്ക് കാരണം സഹോദരിക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്ന തോന്നല്‍; ജിത്തുവിന്റെ മൊഴി

പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് നിഗമനം.

മാതാപിതാക്കള്‍ കൂടുതല്‍ പരിഗണന വിസ്മയയ്ക്ക് നല്‍കിയെന്ന തോന്നലാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ജിത്തുവിന്റെ കുറ്റസമ്മത മൊഴി. മാതാപിതാക്കള്‍ കൂടുതല്‍ സഹോദരിക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങള്‍ താന്‍ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴിയില്‍ പറയുന്നു.

ഇതടക്കം വിഷയങ്ങളില്‍ വിസ്മയയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ജിത്തുവുമായി പൊലീസ് വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ആക്രമണ സമയത്ത് ജിത്തു ധരിച്ചിരുന്ന രക്തകറ പുരണ്ട വസ്ത്രം കണ്ടെത്തി.

സംഭവ ദിവസം ജിത്തുവിനെ കെട്ടിയിട്ട ശേഷമാണ് മാതാപിതാക്കള്‍ പുറത്ത് പോയത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി വിസ്മയ കെട്ട് അഴിച്ചതോടെ രണ്ടുപേരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജിത്തു തുടര്‍ച്ചയായി കത്തി വീശുകയായിരുന്നു. കുത്തേറ്റ് വിസ്മയ കട്ടിലില്‍ ഇരുന്നു. പിന്നാലെ സോഫയുടെ ഹാന്റ്സെറ്റ് ഉപയോഗിച്ച്‌ മര്‍ദ്ദിച്ചു. തളര്‍ന്നുവീണ വിസ്മയ മരണപ്പെട്ടെന്ന് തോന്നിയതോടെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയുമായിരുന്നു. എന്നാല്‍ ഈ സമയം, വിസ്മയയ്ക്ക് ജീവനുണ്ടായിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ജിത്തുവിനെ ബുധനാഴ്ച രാത്രി എറണാകുളം മേനക പരിസരത്ത് നിന്നാണ് കണ്ടെത്തിയത്.

കാക്കനാട് കളക്‌ട്രേറ്റിന് സമീപത്തെ ‘തെരുവു വെളിച്ചം’ ഷെല്‍റ്റര്‍ ഹോമില്‍ നിന്നാണ് ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കണ്‍ട്രോള്‍ റൂം പട്രോളിങ് സംഘമാണ് അഭയ കേന്ദ്രത്തില്‍ ജിത്തുവിനെ എത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്ന ജിത്തു താന്‍ ലക്ഷദ്വീപുകാരിയാണ് എന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. മാസ്ക് ധരിച്ചിരുന്നതിനാല്‍ ജിത്തുവിനെ തിരിച്ചറിയാന്‍ സംഘത്തിന് സാധിച്ചിരുന്നില്ല. പിന്നീട് 15 മണിക്കൂറിന് ശേഷമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് പറവൂര്‍ പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്റെയും ജിജിയുടെയും മകളായ വിസ്മയയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്ബോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment