കൊലപാതകി റോബര്‍ട്ട് കാര്‍ഡ്, അമേരിക്കന്‍ സൈന്യത്തിലെ മൂന്‍ ഇന്‍സ്ട്രക്ടര്‍ ; മനോരോഗ കേന്ദ്രത്തില്‍ നിന്നും പുറത്തുവന്നത് അടുത്തിടെ

വാഷിംഗ്ടണ്‍: അമേരിക്കയിലെ വടക്കന്‍ സ്‌റ്റേറ്റായ മെയ്‌നിലെ ലൂയിസ്ടൗണില്‍ ബുധനാഴ്ച 22 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി അമേരിക്കന്‍ പോലീസ്.

അമേരിക്കന്‍ സൈന്യത്തിലെ മൂന്‍ ഇന്‍സ്ട്രക്ടര്‍ ആയിരുന്ന റോബര്‍ട്ട് കാര്‍ഡ് ആണ് അക്രമിയെന്നാണ് സൂചന. വെടിവെയ്പിന് പിന്നാലെ അക്രമിയുടെ ദൃശ്യം പോലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

അതിശക്തിയേറിയ റൈഫിളും ചൂണ്ടി നില്‍ക്കുന്ന നിലയിലുള്ള ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.

നാല്‍പ്പതു വയസ്സുകാരനായ കാര്‍ഡ് അമേരിക്കന്‍ ആര്‍മി റിസര്‍വീലെ മൂന്‍ ഫയര്‍ആം ഇന്‍സ്ട്രക്ടറായിരുന്നു. ഇയാള്‍ മനോരോഗിയാണെന്ന് പോലീസ് പറയുന്നു.

ഹാലൂസിനേഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മാനസീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തുവന്നത്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കാരോട് കരുതലോടെ ഇരിക്കാനും വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമിക്ക്

വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. നേരത്തേ പുറത്തുവിട്ട ട്വീറ്റില്‍ തങ്ങള്‍ അക്രമി വന്ന വാഹനം കണ്ടെത്താനുള്ള നീക്കത്തിലാണെന്നും കറുത്ത നിറമടിച്ച ബമ്ബറുള്ള കാറാണ് തെരയുന്നതെന്നും പോലീസ് കുറിച്ചു.

കാര്‍ഡിന് വേണ്ടിയുള്ള തെരച്ചലില്‍ ന്യൂഹാംഷെയര്‍ പോലീസും ലൂയിസ് ടൗണ്‍ പോലീസിനൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.

രണ്ടിടങ്ങളിലായി നടത്തിയ വെടിവെയ്പ്പില്‍ 80 പേര്‍ക്ക് നേരെയാണ് വെടിവെച്ചത്. 60 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു റെസ്‌റ്റോറന്റിും ഒരു ബൗളിംഗ് കേന്ദ്രത്തിലുമായിരുന്നു തോക്കുധാരിയെത്തി കണ്ണില്‍കണ്ടവരെയെല്ലാം വെടിവെച്ചത്.

സെമി ഓട്ടോമാറ്റിക് സ്‌റ്റൈല്‍ ആയുധമാണ് ബൗളിംഗ് ആലിക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.

രണ്ടിടങ്ങളിലായി നടന്ന വെടിവെയ്പ്പിനെക്കുറിച്ച്‌ ലോ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നതായും ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

തോക്കുകള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അമേരിക്കയില്‍ ഈ വര്‍ഷം 500-ലധികം കൂട്ട വെടിവയ്പ്പുകളാണ് രേഖപ്പെടുത്തിയത്.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സര്‍ക്കാരിതര സംഘടനയുടെ അഭിപ്രായത്തില്‍, നാലോ അതിലധികമോ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത കൂട്ട വെടിവയ്പ്പ് നടന്നതായിട്ടാണ് പറയുന്നത്.

ഇത് ആയുധങ്ങള്‍ വഹിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വര്‍ഷങ്ങളായി തോക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല.

Related posts

Leave a Comment