കൊറോണ വ്യാപനത്താല്‍ അടച്ച ചാല തുറക്കുന്നു: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ഷിഫ്റ്റ് സംവിധാനത്തില്‍

തിരുവനന്തപുരം: കൊറോണ വ്യാപനം അനിയന്ത്രിതമായതോടെ അടച്ച ജില്ലയിലെ പ്രധാന വ്യാപാര കമ്ബോളമായ ചാല തുറക്കുന്നു. ദീര്‍ഘനാളത്തെ അടച്ചിടലിനു ശേഷമാണ് ചാല കമ്ബോളം തുറന്നത്. എന്നാല്‍ ഷിഫ്റ്റ് സംവിധാനത്തിലായിരിക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുക. നിലവില്‍ നടപ്പാക്കാന്‍ പോകുന്ന ക്രമീകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും.

കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികളും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് ഷിഫ്റ്റ് സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. അനിശ്ചിതമായി കമ്ബോളം അടച്ചിടുന്നതില്‍ വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
ചാലയിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. പ്രതാപന്‍നായര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ധാരണ ആയത്.

രാത്രി 11 മുതല്‍ രാവിലെ 11 വരെ പച്ചക്കറി മാര്‍ക്കറ്റ്, കൊത്തുവാള്‍തെരുവ്, സഭാവതി കോവില്‍ തെരുവ് എന്നിവിടങ്ങളിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ചാല മേഖലയിലെ മറ്റു കടകള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും.

പൂക്കടകള്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ഏഴുവരെയും തുറക്കാം. യോഗതീരുമാനം റിപ്പോര്‍ട്ടായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കാകും ചാല കമ്ബോളം തുറക്കുക.

Related posts

Leave a Comment