കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്ത് പ്രതി അബു ലൈസ്; പ്രതികരിക്കാതെ നേതൃത്വം

കോഴിക്കോട്: കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അബു ലൈസ്. കൊഫെപോസ പ്രകാരം ജയിലില്‍ ആയിരുന്ന അബു ലൈസ് മോഡേണ്‍ ബസാര്‍ വാര്‍ഡില്‍നിന്ന് ജയിച്ച പി കെ സുബൈറിനൊപ്പം ആഹ്ലാദനം പ്രകടനം നയിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ അറിയില്ലെന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്റെ മറുപടി.

പ്രാദേശിക നേതാക്കള്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 2103 മുതല്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അബു ലൈസിനെ 2018-ല്‍ തൃശൂരില്‍ ഒരു വിവാഹത്തിന് എത്തിയപ്പോഴായിരുന്നു പിടികൂടിയത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായിരുന്നു കൊഫെപോസ പ്രകാരം ജയിലില്‍ കഴിഞ്ഞത്. 39 കിലോ ഗ്രാം സ്വര്‍ണം കരിപ്പൂര്‍വഴി പല തവണയായി കടത്തിയെന്നാണ് അബു ലൈസിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
ഈ കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല. യുഡിഎഫ് നേതാക്കളുമായി അബു ലൈസിന് ബന്ധമുള്ളതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലയില്‍നിന്നുള്ള രണ്ടു നേതാക്കള്‍ വിദേശത്തുവച്ച്‌ അബു ലൈസുമായി കൂടിക്കാഴ്ച നടത്തിയത് അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചാണ് ലീഗിന്റെ പി കെ സുബൈറിനെ മോഡേണ്‍ ബസാര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കിയത്.

ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ അബു ലൈസായിരുന്നുവെന്നാണ് ഇപ്പോള്‍ ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. പി കെ സുബൈറിനൊപ്പം ജീപ്പില്‍ കയറിയും പിന്നീട് കാല്‍ നടയായും സഞ്ചരിച്ച്‌ പ്രകടനം നയിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൊടുവള്ളി നഗരസഭയില്‍ ചൂണ്ടപ്പുറം ഡിവിഷനില്‍ മത്സരിച്ച കാരാട്ട് ഫൈസലിന് സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതു ചൂണ്ടിക്കാട്ടി ഇടതു മുന്നണി പിന്തുണ പിന്‍വലിച്ചിരുന്നു.

Related posts

Leave a Comment