കൊച്ചിയില്‍ തുറന്ന് കിടന്ന ഓടയില്‍ വീണ് കുഞ്ഞ്; കാലുകൊണ്ട് കുഞ്ഞിന്റെ തല പിടിച്ച്‌ പൊക്കിയെടുത്തിയത് അമ്മ; മൂന്ന് വയസുകാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി

കൊച്ചി: കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്ക്. കൊച്ചി പനമ്ബിള്ളിനഗറിലെ ഓടയിലാണ് കുഞ്ഞ് വീണത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. കടവന്ത്ര സ്വദേശിയായ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന അമ്മയുടെ സമയോചിത ഇടപെടല്‍ മൂലം മൂന്ന് വയസുകാരന്‍ രക്ഷപ്പെടുകയായിരുന്നു.

നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. നെറ്റിയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ടെന്നും അഴുക്കുവെള്ളത്തില്‍ വീണതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മെട്രോയിറങ്ങി അമ്മയോടൊപ്പം നടപ്പാതയിലൂടെ വരികയായിരുന്നു കുഞ്ഞ്. പെട്ടെന്ന് തുറന്ന് കിടക്കുന്ന കാനയിലേക്ക് വീഴുകയായിരുന്നു. കാനയിലേക്ക് ഇറങ്ങി രക്ഷപ്പെടുത്താന്‍ സ്ഥലപരിമിതി ഉണ്ടായിരുന്നതിനാല്‍ അമ്മ തന്റെ കാലുപയോഗിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

കാലുകൊണ്ട് കുഞ്ഞിന്റെ തലയില്‍ പിടിച്ച്‌ കാനയില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയെത്തി.

കാനയില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.കാന അടയ്‌ക്കണമെന്ന് നിരവധി തവണ ആവശ്യം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് രണ്ട് തവണ കൊച്ചി കോര്‍പ്പറേഷന് പ്രപ്പോസല്‍ സമര്‍പ്പിച്ചതായും ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തഴഞ്ഞുവെന്നും കൗണ്‍സിലര്‍ പ്രതികരിച്ചു.

 

Related posts

Leave a Comment