കൊച്ചിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മരട് ചമ്ബക്കരയില്‍ അമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍.

മരട് തുരുക്കി അമ്ബലത്തിനു സമീപം ബ്ലൂ ക്ലൗഡ്‌സ് അപ്പാര്‍ട്ട്‌മെന്റ് എ വണ്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രാഹം (75) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രാഹം (51) ആണ് അറസ്റ്റിലായത്. നിയമ ബിരുദധാരിയാണ് ഇയാള്‍.

അമ്മയും മകനും മാത്രമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് അച്ചാമ്മ കൊല്ലപ്പെട്ടത്.

ഉച്ചകഴിഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് വലിയ ബഹളം കേട്ടതോടെ പരിസരവാസികളും പോലീസും കൗണ്‍സിലറുമെത്തി ഇരുവരേയും ശാന്തരാക്കിയിരുന്നു. എന്നാല്‍ വൈകിട്ട് വീണ്ടും വഴക്കുണ്ടാക്കുകയും മകന്‍ അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ സമീപവാസികള്‍ വെട്ടേറ്റു മരിച്ചുകിടക്കുന്ന അച്ചാമ്മയാണ് കണ്ടത്.

Related posts

Leave a Comment