കൊച്ചി: ഷോപ്പിങ് മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ പറഞ്ഞു.
രണ്ട് ചെറുപ്പക്കാര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി യുവനടി വ്യക്തമാക്കി. തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തതായും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ വരെ ശ്രമിച്ചതായും താരം തുറന്നെഴുതി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്‍.
കുടുംബത്തിനൊപ്പം ഇന്നലെ ഷോപ്പിങ് മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.ഇത്തരത്തില്‍ അനുഭവമുണ്ടായാല്‍ പ്രതികരിക്കണമെന്നും തന്നോട് മോശമായി പെരുമാറിയ ആളുടെ മുഖത്ത് അടിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും താരത്തിന്റെ കുടുംബം വ്യക്തമാക്കി.