കൊച്ചി: കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാര്‍ഥി മരിച്ചനിലയില്‍. പൊന്നുരുന്നി സ്വദേശി അജിയാണ് മരിച്ചത്.
തന്‍റെ മരണത്തില്‍ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ നടപടി വേണമെന്ന് അജിയുടെ കുടുംബം ആവശ്യപ്പെട്ടു.
കൊച്ചി പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ സൗത്ത് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്.
പോക്സോ കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം അജിയുടെ കുടുംബം കടവന്ത്രപൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ആത്മഹത്യാക്കുറിപ്പില്‍ പേരുളള സുഹൃത്തിനെതിരെ നടപടിയാവശ്യപ്പെട്ടാണ് അജിയുടെ കുടുംബം കടവന്ത്ര പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്.
അതേസമയം അജി തങ്ങളെ ഭീഷണിപ്പെടുത്തിയതായി ആത്മഹത്യക്കുറിപ്പില്‍ പേരുളള സുഹൃത്തും പരാതിക്കാരിയായ പെണ്‍കുട്ടിയും സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു.