കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും ക്രൂര മര്‍ദ്ദനം

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായത്.

മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്​​. മര്‍ദിക്കുന്നവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തുകയായിരുന്നു. കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കൂട്ടുകാര്‍ തന്നെയാണ്​ പകര്‍ത്തിയിട്ടുള്ളത്​.

ഈ മാസം 24നാണ് സംഭവം. കൊല്ലം കരൂര്‍ കല്‍ക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. ബെല്‍റ്റുപയോഗിച്ച്‌ അടിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കുട്ടികള്‍ ഭയന്ന് സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല. പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്​. മര്‍ദ്ദനത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment