കൊച്ചി : കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം അതിവേഗം പൂർത്തിയാകും. മെട്രോ നിർമാണത്തിന് സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചു.
നേരത്തെ സ്ഥലമേറ്റെടുപ്പിനും അനുബന്ധ നിർമാണത്തിനുമായി 387.57 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് 100 കോടി കൂടി നൽകുന്നത്.
കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം.
മെട്രോ രണ്ടാംഘട്ടത്തിൽ ട്രാക്കിനായുള്ള സ്ഥലം പൂർണമായി ഏറ്റെടുത്തുകഴിഞ്ഞു. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.6.8 കിലോമീറ്റർ ദൂരം വയഡക്ട് നിർമാണമാണ് നിലവിൽ നടക്കുന്നത്.
സീപോർട്ട് – എയർപോർട്ട് റോഡ്, സിവിൽ സ്‌റ്റേഷൻ, ഇൻഫോപാർക്ക്, കാക്കനാട് സെസ് ഭാഗങ്ങളിലായാണ് വയഡക്ട് നിർമാണം.സെപ്‌തംബറിൽ ആരംഭിച്ച രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളിൽ വിവിധയിടങ്ങളിൽ സ്‌റ്റേഷൻ നിർമാണത്തിനുള്ള പൈലിങ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ആലിൻചുവട്, വാഴക്കാല, സെസ് എന്നിവിടങ്ങളിലായാണ് സ്റ്റേഷൻ പൈലിങ് പൂർത്തിയായത്. പാലാരിവട്ടം, കിൻഫ്ര എന്നിവിടങ്ങളിൽ പൈലിങ് പുരോഗമിക്കുകയാണ്. 1961 പൈലുകളിൽ 224 എണ്ണമാണ് സ്ഥാപിച്ചത്.കളമശേരിയിൽ കാസ്‌റ്റിങ് യാർഡിൻ്റെ നിർമാണം പൂർത്തിയാക്കി.
ഗർഡർ, പിയർ ക്യാപ് തുടങ്ങിയവയുടെ നിർമാണം ഇവിടെ തുടങ്ങിയിട്ടുണ്ട്. സ്‌റ്റേഷനുകളുടെ 60 ശതമാനം സ്ഥലം ഏറ്റെടുത്ത് മെട്രോയ്‌ക്ക് കൈമാറി കഴിഞ്ഞു.
ശേഷിക്കുന്ന സ്‌റ്റേഷനുകളുടെ സ്ഥലം റവന്യു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. അധികം വൈകാതെ ഇവയും മെട്രോയ്‌ക്ക് കൈമാറും.10 പ്രവേശന കവാടങ്ങളുടെ നിർമാണം അതിവേഗത്തിലാണ് നടക്കുന്നത്.
ആകെ 20 എണ്ണമാണുള്ളത്. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതിത്തൂണുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കുന്ന ജോലി 60 ശതമാനം കഴിഞ്ഞിട്ടുണ്ട്. 11.2 കിലോമീറ്റർ വരുന്ന പാതയിൽ 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ബജറ്റിൽ 239 കോടി രൂപ നീക്കിവച്ച സംസ്ഥാന സർക്കാർ ഈ ബജറ്റിൽ 289 കോടി രൂപയും മെട്രോയ്ക്ക് അനുവദിച്ചിട്ടുണ്ട്.
രണ്ടാംഘട്ട പാതയിൽ കലൂർ സ്‌റ്റേഡിയം, പാലാരിവട്ടം, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, കാക്കനാട് ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവയാണ് സ്‌റ്റേഷനുകൾ.
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിനൊപ്പം മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തെ ബന്ധിപ്പിച്ചാണ് ആലുവ അങ്കമാലി മൂന്നാംഘട്ടം നടപ്പാക്കുക.