കൊച്ചി∙ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘കേഡർ മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന് പറഞ്ഞ ഗവണർ, കൈരളി, മീഡിയ വൺ ചാനലുകളോടാണ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത്.
സർവകലാശാല വിഷയത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം. തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാണിച്ച് ഈ ചാനലുകൾ ഗവർണർക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഗവർണർ ആരോപിച്ചു.
രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം, വൈസ് ചാൻസലർമാരുടെ മറുപടി വായിച്ചശേഷം തുടർനടപടി തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാനാകില്ല. അതുപോലെ താൻ നിയമിച്ചവർ തന്നെ വിമർശിക്കരുത്.
സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചെന്നും ഗവർണർ ആരോപിച്ചു. മേയറുടെ കത്തിലടക്കം സർക്കാരിന് ജനങ്ങളോടു വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. ഇതിനാണ് അവർ ജനങ്ങളോടു മറുപടി പറയേണ്ടത്.
ഇത്തരം കത്തുകൾ ഏറെയുണ്ട്. വൈകാതെ പുറത്തുവരും. നിയമവകുപ്പും എജിയും ഉണ്ടായിട്ടും നിയമോപദേശത്തിനു മാത്രം സർക്കാർ ലക്ഷങ്ങൾ മുടക്കുന്നു എന്നും ഗവർണർ പറഞ്ഞു.