കേസില്‍ അഞ്ചാം പ്രതി: ശിവശങ്കര്‍ ഇനി ഏഴ് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. 14 ദിവസത്തെ കസ്റ്റഡിയിലാണ് ചോദിച്ചതെങ്കിലും ഏഴു ദിവസത്തെ കസ്റ്റഡിയാണ് കൊച്ചി ജില്ല സെഷന്‍സ് കോടതി അനുവദിച്ചത്.

അതേസമയം, ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം ആവശ്യമെങ്കില്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമെന്നും കോടതി പറഞ്ഞു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും തുടര്‍ച്ചയായി ചോദ്യംചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാകുമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്ന്, ചോദ്യംചെയ്യുന്നതിനിടയില്‍ വിശ്രമം അനുവദിക്കണമെന്ന് കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.

ഇന്നലെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിറ്റുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്തെ ചികിത്സാ കേന്ദ്രത്തില്‍ നിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെത്തിച്ച്‌ ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് നാലര വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ച ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സി ആദ്യമായിട്ടാണ് കേരളത്തിലെ ഒരു ഐ.എ.എസ് ഓഫിസറെ അറസ്റ്റു ചെയ്യുന്നതും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ശിവശങ്കറിന്റെ അറസ്റ്റ് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തില്‍ സര്‍ക്കാരിനേയും സി.പി.എമ്മിനേയും കടുത്ത പ്രതിസന്ധിയിലാക്കും.

ചികിത്സയില്‍ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തി സമന്‍സ് നല്‍കിയാണ് അന്വേഷണ സംഘം ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. രാവിലെ 10.23നാണ് ഹൈക്കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. 10.27ന് തന്നെ ഇ.ഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി സമന്‍സ് കൈമാറി. തുടര്‍ന്ന് 10.45ന് സംഘം ശിവശങ്കറുമായി എറണാകുളത്തേക്കു തിരിച്ചു. ചേര്‍ത്തലയില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡി സംഘത്തോടൊപ്പം ചേര്‍ന്നു. 3.23ന് ശിവശങ്കറിനെ കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിച്ചു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ.ഡിക്കൊപ്പം ചേര്‍ന്നു ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

ചെന്നെയില്‍ നിന്നും ഇ.ഡി ജോയിന്റ് ഡയറക്ടര്‍ ഗണേഷ് കുമാര്‍, സ്‌പെഷല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ എന്നിവരും ചോദ്യം ചെയ്യാനായി എത്തിയിരുന്നു. ഡല്‍ഹിയിലെ കസ്റ്റംസ്, ഇ.ഡി തലവന്മാരുമായി കൂടിയാലോചന നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.

Related posts

Leave a Comment