കൊച്ചി: ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണം. ഇന്നലെ രാത്രി എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.
നെടുമ്പശേരി വിമാനത്താവളത്തില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് വരുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ‘ഇത് തമിഴ്നാടല്ല’ എന്ന് പറഞ്ഞായിരുന്നു ആക്രമണം.
കണ്ടെയ്നര്‍ ഡ്രൈവറായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് അക്രമി. പുതുവൈപ്പിലെ ഭാര്യാഗൃഹത്തിലാണ് ഇയാളുടെ താമസം.
മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍ ചീഫ് ജസ്റ്റിസിന്റെ വാഹനത്തിന് മുന്നില്‍ ചാടിയത്. തുടര്‍ന്ന് ബഹളം വെക്കുകയും ചീഫ് ജസ്റ്റിസിനെ അടക്കം അസഭ്യം പറയുകയും ചെയ്തു.
സംഭവത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഗണ്മാന് നല്കിയ പരാതിയില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ടിജോയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.
മുളവുകാടുള്ള പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി ഭാര്യയുടെ മൊഴി എടുത്തിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കുന്നയാളാണ് ഇയാളെന്ന് ഭാര്യ മൊഴി നല്‍കിയതായാണ് വിവരം.
ആസൂത്രിതമായ നീക്കമാണെന്ന് പൊലീസ് കരുതുന്നില്ല. ഹൈകോടതിയിലെ കേസുകളുമായി ബന്ധപ്പെട്ടാണോ ആക്രമണമെന്ന് പൊലീസ് സംശയിച്ചിരുന്നെങ്കിലും ഇയാള്‍ക്കെതിരെ അത്തരം കേസുകളൊന്നുമില്ല.
പ്രതിയെ ഇപ്പോഴും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.2019 ആഗസ്റ്റ് 30നാണ് മദ്രാസ് ഹൈകോടതി ജസ്റ്റിസ് ആയിരുന്ന എസ്. മണികുമാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.