കണ്ണൂര്‍: കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ
വിധികര്‍ത്താവ് ഷാജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
ഷാജിയുടെ മരണത്തില്‍ ഉത്തരവാദി എസ്‌എഫ്‌ഐ ആണ്. കേരളത്തില്‍ എസ്‌എഫ്‌ഐയുടെ കിരാത കൊലപാതകങ്ങള്‍ പല തരത്തില്‍ തുടരുകയാണ്.
രാജ്യത്ത് ഇത് വരെ കേള്‍ക്കാത്ത വിധത്തിലുള്ള കൊലപാതകമാണ് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റേതെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂരില്‍ ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
എസ്‌എഫ്‌ഐ പറഞ്ഞവര്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് കോഴ ആരോപണം ഉന്നയിച്ചത്.
അധ്യാപകന്‍ ഷാജിക്കൊപ്പമുണ്ടായിരുന്ന മറ്റ് അധ്യാപകരുമായി താന്‍ സംസാരിച്ചു.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഒരു കുറ്റവും ചെയ്യാത്ത ആളാണെന്നാണ് അവര്‍ പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഷാജിക്കെതിരെ ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. എസ്്‌എഫ്‌ഐ ഉണ്ടാക്കിയ പ്രശ്‌നമാണിത്. അവര്‍ അദ്ദേഹത്തെ തല്ലിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തില്‍ മാര്‍ഗംകളി മത്സരത്തിന്റെ വിധി കര്‍ത്താവ് ആയിരുന്നു മരിച്ച ഷാജി. പോലീസ് അറസ്റ്റു ചെയ്ത ഷാജി ജാമ്യത്തില്‍ തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്.
ഇന്ന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം ഉണ്ടായിരിക്കേയാണ് ഷാജി ഇന്നലെ ജീവനൊടുക്കിയത്.
ഫോണ്‍ പിടിച്ചുവച്ച ശേഷമായിരുന്നു പോലീസ് വിട്ടയച്ചത്. രാവിലെ ഭക്ഷണം കഴിച്ച് കിടന്ന ഷാജിയെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, വിധികര്‍ത്താവിന് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നൃത്ത പരിശീലകരായ ജോമറ്റ് മൈക്കിളും സൂരജും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
തങ്ങളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നും ഇവര്‍ പറയുന്നു.
ഷാജിയെ എസ്.എഫ്‌ഐ യൂണിയന്‍ പ്രവര്‍ത്തകര്‍ പിടിച്ചുവയ്ക്കുകയും വിചാരണ നടത്തി മര്‍ദ്ദിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനു ശേഷമാണ് പോലീസിന് കൈമാറിയതെന്നുമാണ് വിമര്‍ശനം. മകന് മര്‍ദ്ദനമേറ്റുവെന്നും മുഖത്ത് അതിന്റെ പാടുണ്ടായിരുന്നുവെന്നും ഷാജിയുടെ അമ്മ പറയുന്നു.
ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.എസ്.യു ആരോപിച്ചു.
സമഗ്ര അന്വേഷണം വേണമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.