കേരളത്തില്‍ സമൂഹ വ്യാപന ആശങ്ക; എവിടെ നിന്ന് വൈറസ് പകരുന്നുവെന്ന് വ്യക്തതയില്ലാത്ത കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്ക ഉയര്‍ത്തി എവിടെ നിന്ന് വൈറസ് പകര്‍ന്നുവെന്ന് വ്യക്തതയില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കേരളത്തില്‍ ഒരാഴ്ചക്കിടെ കൊവിഡ് സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്‌ഥിരീകരിക്കാന്‍ ഇതുവരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ആകെ 25ലേറെപ്പേര്‍ക്ക് സംസ്ഥാനത്ത് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നുണ്ട്.

കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരത്തു നിന്നെത്തിയ ആര്‍.സി.സിയിലേയും എസ്.കെ ആശുപത്രിയിലേയും നഴ്സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ത്ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി,ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാര്‍ത്ഥികള്‍, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
സംസ്ഥാനത്ത് മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി , പോത്തന്‍കോട്ടെ പൊലീസുകാരന്‍, കണ്ണൂരില്‍ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുള്‍പെടെ 25 ലേറെപേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളില്‍ കുറച്ച്‌ ആളുകളില്‍ മാത്രം നടത്തിയ റാന്‍ഡം പരിശോധനയില്‍ കൊല്ലത്തും കോട്ടയത്തും ഓരോരുത്തര്‍ക്ക് കോവിഡ് നിര്‍ണയിച്ചതും അതീവ ഗൗരവത്തോടെ കാണേണ്ടതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുമായി അടുത്തിടപഴകുന്ന ആശാപ്രവര്‍ത്തകരുടെ രോഗബാധ സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ കൊവിഡ് പരിശേധന വ്യാപകമാക്കുകയും വ്യക്തികള്‍ സ്വയം സുരക്ഷ ഉറപ്പാക്കുകയും മാത്രമാണ് കേരളത്തിന് മുമ്ബിലുള്ള ഒരേയൊരു മാര്‍ഗമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment