തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടം ആരംഭിക്കുന്ന മെയ് നാലുമുതലും മദ്യക്കടകള്‍ തത്കാലം തുറക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി.
ഇന്നലെയാണ് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ ഗ്രീന്‍, ഓറഞ്ചു സോണുകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അവിടത്തെ സ്ഥിതിവിശേഷങ്ങള്‍ അനുസരിച്ച് തീരുമാനം എടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല തല യോഗത്തിലാണ് തീരുമാനം.
ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ചയാവുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മദ്യക്കടകള്‍ തുറക്കുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. വലിയ തോതിലുളള തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മദ്യക്കടകള്‍ തത്കാലം തുറക്കേണ്ടതില്ല എന്ന നിര്‍ദേശം യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറകളും തുറക്കാന്‍ തീരുമാനമായി.